മത്സ്യകന്യക



മത്സ്യകന്യക

കടലിന്റെ ആഴങ്ങളുടെ ആഴത്തിലാണ് മത്സ്യരാജ്യം. അവിടെ കടലിന് ശുദ്ധമായ നീല നിറമാണ്. സ്ഫടികംപോലെ തെളിവാര്‍ന്നതുമാണ്. നിരവധി ഉയര്‍ന്ന ഗോപുരങ്ങള്‍ ഒന്നിനുമീതെ ഒന്നായി അടുക്കിവെച്ചാലും കടലിന്റെ അടിത്തട്ടിലുള്ള മത്സ്യരാജ്യത്തില്‍നിന്നും മുകള്‍പ്പരപ്പിലേക്ക് എത്താനാവില്ല.

സമുദ്രത്തിന്റെ അടിത്തട്ടില്‍ വെറും മണലുമാത്രമാണുള്ളത് എന്നു വിചാരിച്ചുവോ? എങ്കില്‍ തെറ്റി. മറ്റെവിടെയും കാണാനാകാത്ത തരത്തിലുള്ള ചെടികളും മരങ്ങളും അവിടെ വളരുന്നുണ്ട്. അലകളുടെ ഇളക്കത്തിനൊപ്പം മരച്ചില്ലകള്‍ ഉലയുന്നതു കണ്ടാല്‍ തോന്നും, അവയ്ക്ക് ശരിക്കും ജീവനുണ്ട് എന്ന്. ആകാശത്ത് പക്ഷികള്‍ പാറിപ്പറക്കുന്നതുപോലെ പല വലുപ്പത്തിലും തരത്തിലുമുള്ള മത്സ്യങ്ങള്‍ അവയ്ക്കിടയില്‍ നീന്തിക്കളിക്കുന്നു. കടലിന്റെ ഏറ്റവും ആഴമുള്ള ഭാഗത്താണ് മത്സ്യരാജാവിന്റെ കൊട്ടാരം. ചുമരുകള്‍ പവിഴംകൊണ്ട്. ജനലുകള്‍ക്ക് തിളങ്ങുന്ന മഞ്ഞനിറം. കൊട്ടാരത്തിന്റെ മേല്‍ക്കൂരയായിരുന്നു ഏറ്റവും വിചിത്രം. സദാ വായ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന കടല്‍കക്കകള്‍കൊണ്ടാണ് അത് പണിതിരുന്നത്. ഓരോ കക്കകളിലും തിളക്കമാര്‍ന്ന നന്മുത്തുകളുണ്ടായിരുന്നു. മഹാറാണിയുടെ കിരീടത്തില്‍ പതിക്കാന്‍ പാകത്തിനുള്ള വെണ്‍മയാര്‍ന്ന നന്മുത്തുകള്‍.

മത്സ്യരാജാവ് വിഭാര്യനായിരുന്നു. അതുകൊണ്ട് കൊട്ടാരത്തില്‍ ചുമതല മുഴുവന്‍ അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മയ്ക്കായിരുന്നു. നല്ല പ്രാപ്തിയും സാമര്‍ഥ്യവുമുള്ളവളായിരുന്നു അമ്മ റാണി. തന്റെ പ്രൗഢിയും സ്ഥാനവും എടുത്തുകാട്ടാനായി അവരെപ്പോഴും വിശേഷപ്പെട്ട ആടയാഭരണങ്ങള്‍ അണിയുമായിരുന്നു. മറ്റാര്‍ക്കുംതന്നെ അതുപോലെ അണിഞ്ഞൊരുങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. മത്സ്യരാജാവിന് ആറു പെണ്‍കുട്ടികളാണുണ്ടായിരുന്നത്. പേരക്കുട്ടികളോട് മുത്തശ്ശിക്ക് അതിരറ്റ വാത്സല്യമായിരുന്നു. പ്രത്യേകിച്ചും ഏറ്റവും ഇളയ രാജകുമാരിയോട്. അവളായിരുന്നു ഏറ്റവും സുന്ദരി. ആഴക്കടലിന്റേതുപോലെ നീലനിറമാണ് കണ്ണുകള്‍ക്ക്. റോസപ്പൂ ഇതള്‍പോലെ മൃദുവായ ചര്‍മം. എന്നാല്‍ മറ്റു മത്സ്യകുമാരിമാരെപ്പോലെ അവള്‍ക്കും കാലുകളുണ്ടായിരുന്നില്ല. കാലുകളുടെ സ്ഥാനത്ത് മത്സ്യത്തിന്റേതുപോലെയുള്ള വാലായിരുന്നു.

പകല്‍ മുഴുവന്‍ കൊട്ടാരത്തിലെ വിശാലമായ അകത്തളങ്ങളില്‍ രാജകുമാരിമാര്‍ കളിച്ചു രസിച്ചു. കൂട്ടിന് ഒരായിരം മത്സ്യങ്ങള്‍. അവയെ കൊഞ്ചിക്കലും കൊണ്ടുനടക്കലും കുട്ടികള്‍ക്ക് വലിയ രസമായിരുന്നു. അവരുടെ കൈകളില്‍നിന്ന് മത്സ്യങ്ങള്‍ മത്സരിച്ചുവന്ന് തീറ്റ കൊത്തിയെടുക്കുമായിരുന്നു.
കൊട്ടാരത്തിനു പുറത്ത് വലിയൊരു പൂന്തോട്ടമുണ്ടായിരുന്നു. കടുംചുകപ്പും നീലയുമായ വൃക്ഷങ്ങള്‍. അവയില്‍ സ്വര്‍ണംപോലെ തിളങ്ങുന്ന പഴങ്ങള്‍. തറ മുഴുവന്‍ മിനുമിനുത്ത നീല മണല്‍. അവിടെയൊരു നീലനിറമുള്ളൊരു പ്രകാശം നിറഞ്ഞുനിന്നിരുന്നു. പെട്ടെന്നു തോന്നിപ്പോവുക കടലിന്റെ അടിത്തട്ടിലാണെന്നല്ല. ആകാശനീലിമയ്ക്ക് നടുവിലെവിടെയോ ആണെന്നാണ്. കടല്‍ തികച്ചും നിശ്ചലമാകുന്ന അപൂര്‍വവേളകളില്‍ അകലെയകലെ സൂര്യനെ കാണാം... ഊതനിറത്തിലുള്ള പ്രകാശമാനമായ ഒരു പൂമൊട്ടുപോലെ.

രാജകുമാരിമാര്‍ക്കോരോരുത്തര്‍ക്കും തോട്ടത്തില്‍ സ്വന്തമായ സ്ഥാനമുണ്ടായിരുന്നു. അവിടെ അവനവന്റെ ഇഷ്ടപ്രകാരമുള്ള ചെടികള്‍ നട്ടുവളര്‍ത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു രാജകുമാരിയുടെ പൂത്തടത്തിനു തിമിംഗലത്തിന്റെ ആകൃതിയായിരുന്നു. ഒരു മത്സ്യകന്യകയുടെ മാതൃകയിലാണ് ഇനിയൊരു രാജകുമാരി തന്റെ തടമൊരുക്കിയത്. ഏറ്റവും ഇളയ സഹോദരി തിരഞ്ഞെടുത്തത് സൂര്യന്റെ ഗോളാകൃതിയായിരുന്നു. അതില്‍ സൂര്യകിരണങ്ങളുടെ നിറമുള്ള ഇളം ചുകപ്പുപൂക്കള്‍ മാത്രമേ അവള്‍ വളര്‍ത്തിയുള്ളൂ. സ്വതവേ ശാന്തയും ചിന്താശീലയുമായിരുന്നു ഏറ്റവും ഇളയ രാജകുമാരി. അമിതമായ പുറംമോടികളിലൊന്നും അവള്‍ക്കു തീരെ പ്രിയമുണ്ടായിരുന്നില്ല. അവള്‍ക്കേറ്റവും രസം, സമുദ്രത്തിന്റെ കരയില്‍ താമസിക്കുന്ന മനുഷ്യരുടെ കഥകള്‍ കേള്‍ക്കാനായിരുന്നു. മുത്തശ്ശിയമ്മയാണ് അവള്‍ക്കു കഥകള്‍ പറഞ്ഞുകൊടുത്തിരുന്നത്. അങ്ങനെ കരയിലെ മനുഷ്യരെപ്പറ്റിയും മൃഗങ്ങളെപ്പറ്റിയും വീടുകളെപ്പറ്റിയും കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെപ്പറ്റിയുമൊക്കെ അവള്‍ കേട്ടറിഞ്ഞു. പക്ഷേ, അവളെ ഏറ്റവും അദ്ഭുതപ്പെടുത്തിയത് ഭൂമിയില്‍ വിടരുന്ന പൂക്കളായിരുന്നു. സുഗന്ധമുള്ള പൂക്കള്‍... കടലില്‍ വളരുന്ന പൂക്കള്‍ക്ക് ലേശംപോലും വാസന ഉണ്ടായിരുന്നില്ല. മറ്റൊരു കാര്യവും അവളെ വല്ലാതെ വിസ്മയിപ്പിച്ചു. മുത്തശ്ശി പറയുകയായിരുന്നു, 'കരയിലെ പച്ചമരക്കാടുകളില്‍ വിചിത്രാകൃതിയിലുള്ള മത്സ്യങ്ങളുണ്ട്. അവ മാനത്ത് പാറിപ്പറക്കും... ഉച്ചത്തില്‍ കൂകിപ്പാടും.' കരയിലെ പറവകളെ മത്സ്യങ്ങളെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. കേട്ടുകേള്‍വിയല്ലാതെ യഥാര്‍ഥത്തിലുള്ള പക്ഷികളെ അവരാരും കണ്ടിട്ടില്ലല്ലോ!
'പതിനഞ്ചു വയസ്സാകുമ്പോള്‍ എന്റെ കുട്ടിക്ക് കടലിന്റെ മുകളിലേക്ക് കയറിച്ചെല്ലാം...' അവളെ അരികിലണച്ചു മുത്തശ്ശി പറഞ്ഞു, 'നിലാവുള്ള രാത്രികളില്‍ കടലിലെ പാറക്കെട്ടുകളില്‍ ചെന്നിരിക്കാം. വലിയ വലിയ കപ്പലുകള്‍ പോകുന്നതു കാണാം. അകലെ... കരയില്‍ കാടുകളും പട്ടണങ്ങളും കാണാം...'
ഏറ്റവും മൂത്ത ചേച്ചിക്ക് അടുത്ത വര്‍ഷം പതിനഞ്ചു തികയും. പിന്നെ ഓരോ വര്‍ഷം ഇടവിട്ട് ബാക്കി അഞ്ചുപേര്‍. ഏറ്റവും ഇളയ കുട്ടി അവളാണല്ലോ... കരകാണാന്‍ ഇനിയും അഞ്ചുവര്‍ഷം തികച്ചും കാത്തിരിക്കണം. പക്ഷേ, ചേച്ചിമാരെല്ലാവരും സമ്മതിച്ചിട്ടുണ്ട്, ആദ്യദിവസം കരയില്‍ കാണുന്ന എല്ലാ കാര്യങ്ങളും താഴെ വന്ന് മറ്റുള്ളവര്‍ക്ക് വിസ്തരിച്ചു പറഞ്ഞുകൊടുക്കാമെന്ന്... അവനവന്റെ തവണയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു രാജകുമാരിമാരെല്ലാവരും. മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും ചോദിക്കാനും പറയാനും പറ്റില്ലല്ലോ... തങ്ങള്‍ക്കുമാത്രം താത്പര്യമുള്ള എത്രയെത്രകാര്യങ്ങളുണ്ട്!
എന്നാലും കൂട്ടത്തില്‍, കരകാണാന്‍ ഏറ്റവും തിടുക്കം ഒടുക്കത്തെ രാജകുമാരിക്കുതന്നെയായിരുന്നു. അല്ലെങ്കിലേ അവളെപ്പോഴും ഒരു സ്വപ്‌നലോകത്തിലാണ്. പല രാത്രികളിലും ജനലകള്‍ തുറന്നിട്ട് അവള്‍ പുറത്തേക്കു നോക്കിനില്ക്കാറുണ്ട്. നീല ജലപ്പരപ്പിനിടയില്‍ക്കൂടി ദൂരെ ദൂരെ മാനത്തെ ചന്ദ്രനേയും നക്ഷത്രങ്ങളേയും കാണാം... തീരെ മങ്ങിയ ഒരു കാഴ്ച. ഇടയ്ക്ക് ആ കാഴ്ച തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ഇരുണ്ട നിഴല്‍ ഓളങ്ങളിലൂടെ നീങ്ങി മറയും. അവള്‍ക്കറിയാം; അതൊരു ഊക്കന്‍ സ്രാവാകാം. അല്ലെങ്കില്‍ മനുഷ്യരേയും കയറ്റിപ്പോകുന്ന വലിയൊരു കപ്പലായിരിക്കാം. താഴെ സമുദ്രത്തിന്റെ അടിത്തട്ടില്‍, അവര്‍ സഞ്ചരിക്കുന്ന കപ്പല്‍ എത്തിപ്പിടിക്കാനായി സുന്ദരിയായ ഒരു മത്സ്യകന്യക കൈയും നീട്ടി നില്പുണ്ടെന്ന് അവള്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിക്കുകയുണ്ടാവില്ല, തീര്‍ച്ച. ഏറ്റവും മൂത്ത രാജകുമാരിക്ക് പതിനഞ്ചു വയസ്സു തികഞ്ഞു. കടലിന്റെ മുകള്‍ത്തട്ടിലേക്ക് കയറിച്ചെല്ലാനുള്ള ദിവസമായി. പുറംകാഴ്ചകള്‍ കണ്ടുവന്ന രാജകുമാരിക്ക് അനുജത്തിമാരോടു പറയാനുണ്ടായിരുന്നു നൂറുനൂറു വിശേഷങ്ങള്‍. അവളെ ഏറ്റവും അധികം സന്തോഷിപ്പിച്ചത്... കരയോടടുത്ത ഒരു മണല്‍ത്തിട്ടയില്‍ മാനത്തേക്കും നോക്കി ഏറെനേരം കിടന്നതായിരുന്നു. ശാന്തമായ സമുദ്രം. നിറഞ്ഞ നിലാവ്. ആകാശത്ത് എണ്ണമറ്റ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു. കരയില്‍ വലിയൊരു പട്ടണം. തെരുവില്‍നിന്ന് വാഹനങ്ങളുടെ ബഹളം. എവിടെനിന്നോ ഒഴുകിയെത്തുന്ന സംഗീതധാര. എത്രയെത്ര പള്ളിഗോപുരങ്ങള്‍. മന്ത്രമധുരമായി മുഴങ്ങുന്ന പള്ളിമണികള്‍. ആ കാഴ്ചകളും ശബ്ദങ്ങളുമാണ് അവളെ ഏറ്റവുമധികം മോഹിപ്പിച്ചത്. ജീവിതത്തിലൊരിക്കലും കരയിലേക്ക് കയറിച്ചെല്ലാന്‍ അവര്‍ക്കാവില്ലല്ലോ!

ഇതെല്ലാം കേട്ട്, കൊച്ചനുജത്തിയുടെ മനസ്സില്‍ മോഹം വളര്‍ന്നു. അന്നു വൈകുന്നേരം തുറന്നിട്ട ജനലയ്ക്കരുകില്‍ പുറത്തേക്കും നോക്കി പതിവുപോലെ ചെന്നുനിന്നപ്പോള്‍ ചേച്ചി പറഞ്ഞുകേട്ട പട്ടണക്കാഴ്ചകളും ശബ്ദങ്ങളുമായിരുന്നു അവളുടെ മനസ്സുനിറയെ.

അതിനടുത്ത വര്‍ഷം കടലിനു മേല്‍ത്തട്ടില്‍ യഥേഷ്ടം സഞ്ചരിക്കാന്‍ രണ്ടാമത്തെ സഹോദരിക്ക് അനുമതി ലഭിച്ചു. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്ന നേരത്താണ് അവള്‍ മുകള്‍ഭാഗത്തെത്തിയത്. ഇത്ര മനോഹരമായൊരു കാഴ്ച. അവള്‍ സ്വയം മറന്നു നിന്നുപോയി. ആകാശം മുഴുവന്‍ സ്വര്‍ണം വിതറിയതുപോലെ. മേഘങ്ങളോ... പറഞ്ഞറിയിക്കാനാകാത്ത വര്‍ണഭംഗി. പലപല നിറങ്ങളില്‍ ഒഴുകിനീങ്ങുന്ന മേഘങ്ങള്‍ക്കിടയിലൂടെ, വെണ്‍മയാര്‍ന്ന തൂവലുകളുമായി ഒരുകൂട്ടം അരയന്നങ്ങള്‍ പറന്നുപോകുന്നു. കടലിനുമീതെ ആരോ ഒരു വെള്ളച്ചേല വലിച്ചെറിഞ്ഞതുപോലെ. കാറ്റിനെക്കാള്‍ വേഗമുണ്ടല്ലോ ഈ പക്ഷികള്‍ക്ക് എന്നു തോന്നി. തിളങ്ങുന്ന സൂര്യഗോളം എത്തിപ്പിടിക്കാമെന്ന ആശയില്‍ അവള്‍ ആഞ്ഞുനീന്തി. എന്നാല്‍ കൈ എത്തുംമുന്‍പേ അത് കടലിലാണ്ടുപോയി. അതോടെ മേഘങ്ങളുടെ നിറപ്പകിട്ടും സമുദ്രത്തിന്റെ നീലത്തിളക്കവും മാഞ്ഞു മാഞ്ഞു പോകുകയും ചെയ്തു.

മൂന്നാമത്തെ സഹോദരി... കൂട്ടത്തില്‍ അവളായിരുന്നു സാഹസക്കാരി. അവസരം കിട്ടിയതും അവള്‍ നീന്തിച്ചെന്നു കടലില്‍ വന്നുവീഴുന്ന ഒരു പുഴയിലൂടെ ഏറെ ദൂരം അവള്‍ മുന്‍പോട്ടു നീന്തി. ഗ്രാമഭംഗികളും, കൊട്ടാരപ്രൗഢികളും അവള്‍ ആസ്വദിച്ചു. പുഴയോരം ചേര്‍ന്ന മലഞ്ചെരിവുകള്‍. പച്ചനിറഞ്ഞ മുന്തിരിത്തോപ്പുകള്‍. പക്ഷികളുടെ മധുരമേറിയ കളകളങ്ങള്‍. വെയിലിനു നല്ല ചൂട്. ചൂടേറുന്നു എന്നു തോന്നിയപ്പോഴൊക്കെ അവള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നു. പുഴയുടെ ഒരു തിരിവില്‍, ആഴം കുറഞ്ഞ ഒരിടത്ത് ഒരുകൂട്ടം കുട്ടികള്‍ തികച്ചും നഗ്നരായി വെള്ളത്തില്‍ നീന്തിത്തുടിക്കുന്നു. അവരോടൊപ്പം കളിക്കാന്‍ അവള്‍ക്കു കൊതിതോന്നി. എന്നാല്‍ അവളെ കണ്ടപ്പോഴേക്കുംതന്നെ കുട്ടികള്‍ പേടിച്ച് കരയിലേക്ക് ഓടിപ്പോകുകയാണുണ്ടായത്. അപ്പോഴേക്കും കറുത്തു തടിച്ച ഒരു മൃഗം അങ്ങോട്ടേക്കോടിവന്നു; അവളെ നോക്കി ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. അവള്‍ വല്ലാതെ പേടിച്ചു. ആ നിമിഷംതന്നെ കടലിലേക്കു തിരിച്ചുനീന്തി... എന്നിട്ടും ആ കുട്ടികളും പച്ചക്കാടുകളും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. ആ കുട്ടികള്‍ക്ക് തങ്ങളുടെ പോലെ വാലുകളില്ല. എന്നാലും, എന്തൊരു ഭംഗി!

നാലാമത്തെ രാജകുമാരിക്ക് ധൈര്യവും മിടുക്കുമൊക്കെ സ്വതവേ കുറവായിരുന്നു. അവസരം കിട്ടിയിട്ടും അവള്‍ അധികമൊന്നും സഞ്ചരിച്ചില്ല. കടലിനു മുകളില്‍ ഒഴിഞ്ഞ ഒരു കോണില്‍ അവള്‍ ഒതുങ്ങിക്കൂടി. 'ഇത്രയും ഭംഗിയുള്ള ഒരു സ്ഥലം വേറെയില്ല,' തനിക്കു പറയാനുള്ളത് ഏതാനും വാക്കുകളില്‍ അവള്‍ ചുരുക്കി. അകലെ മാറിനിന്ന് അവള്‍ കണ്ടു; കപ്പലുകളും, കടല്‍ക്കാക്കകളും, ഭീമന്‍ തിമിംഗലങ്ങളും, തലകുത്തി മറിയുന്ന ഡോള്‍ഫിനു
കളും.

അഞ്ചാമത്തെ സഹോദരിക്കും വയസ്സ് പതിനഞ്ചായി. തണുപ്പുകാലത്തിന്റെ നടുവിലായിരുന്നു അവളുടെ ജന്മദിനം. അതുകൊണ്ടുതന്നെ അവള്‍ കണ്ട കാഴ്ചകള്‍ മറ്റുള്ളവരുടേതില്‍നിന്നും വിഭിന്നമായിരുന്നു. കടല്‍വെള്ളത്തിനാകെ ഒരു പച്ചനിറം. വലുതും ചെറുതുമായ മഞ്ഞുകട്ടകളാണെങ്ങും. കണ്ടാല്‍ വലിയ മുത്തുമണികളാണെന്നു തോന്നും. ചിലതെല്ലാം, കരയില്‍ മനുഷ്യര്‍ പണിതുയര്‍ത്തുന്ന പള്ളിഗോപുരങ്ങളെക്കാള്‍ വലുപ്പമുള്ളതാണ്. വേറെ ചിലത് വൈരംപോലെ വെട്ടിത്തിളങ്ങുന്നു. അങ്ങനെയുള്ള ഒരു വലിയ മഞ്ഞുകട്ടയുടെ മുകളില്‍ അവള്‍ കയറിയിരുന്നു. കാറ്റില്‍ ഉലഞ്ഞുപാറുന്ന നീണ്ട തലമുടി. കപ്പലിലുള്ളവര്‍ അവളെക്കണ്ട് പരിഭ്രമിച്ച് ഒച്ചയും വിളിയുമായി.


സന്ധ്യയായതോടെ ആകാശം നിറയെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. ഇടിയും മിന്നലുമായി. കൊടുങ്കാറ്റില്‍ കറുത്ത തിരമാലകള്‍ വാനോളം പൊങ്ങി... ഒപ്പം ആ മഞ്ഞുമലകളും. കപ്പല്‍പ്പായകള്‍ എല്ലാവരും ചുരുക്കികെട്ടി. യാത്രക്കാര്‍ക്കു പേടിയും പരിഭ്രമവും... അവള്‍ മാത്രം കൗതുകത്തോടെ മഞ്ഞുമലയുടെ മുകളില്‍ നോക്കി ഇരുന്നു. കറുത്ത മേഘങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു മിന്നിമറയുന്ന ഇടിമിന്നലിന്റെ ചന്തം!

രാജകുമാരിമാര്‍ക്കൊക്കെ പൊതുവേ പറയാനുണ്ടായിരുന്ന കാര്യം ഒന്നുതന്നെയായിരുന്നു. ഏറ്റവും ആദ്യം കടലിന്റെ മുകള്‍പ്പരപ്പില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചകളൊക്കെയും അദ്ഭുതമായിരുന്നു. മനസ്സില്‍ ഉത്സാഹവും കൗതുകവും അമ്പരപ്പുമുണ്ടാക്കുന്ന അനുഭവങ്ങള്‍. പിന്നെപ്പിന്നെ കണ്ടു കണ്ട് അതിന്റെയെല്ലാം പുതുമ നഷ്ടപ്പെട്ടു. എന്നും കാണുന്ന കാഴ്ചകള്‍ എന്ന മട്ടായി. 'സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സ്വന്തം വീട്ടില്‍ത്തന്നെയാണ് ഏറ്റവും സുഖം' എന്നായി, ഒടുവില്‍ എല്ലാവരുടെയും അഭിപ്രായം.

പലപ്പോഴും, വൈകുന്നേരമായാല്‍ അഞ്ചുസഹോദരിമാരും ഒരുമിച്ച് കൈകോര്‍ത്ത് മുകള്‍ത്തട്ടിലേക്കു നീന്തിച്ചെല്ലുമായിരുന്നു. മനുഷ്യരേക്കാള്‍ മാധുര്യമേറിയതായിരുന്നു അവരുടെ സ്വരം. ചിലപ്പോള്‍ കടല്‍ക്കോളില്‍പ്പെട്ട കപ്പല്‍ മറിഞ്ഞേക്കുമെന്നു കാണുമ്പോള്‍ യാത്രക്കാരെ ആശ്വസിപ്പിച്ചുകൊണ്ട് അവര്‍ പാടുമായിരുന്നു... ആഴക്കടലിന്റെ അഴകിനെ വര്‍ണിക്കുന്ന മനോഹരമായ ഗാനങ്ങള്‍! എന്നാല്‍ നാവികര്‍ക്കുണ്ടോ ആ പാട്ടിന്റെ പൊരുള്‍ മനസ്സിലാകുന്നു. കൊടുങ്കാറ്റിന്റെ മൂളക്കമാണെന്നേ അവര്‍ ധരിച്ചുള്ളൂ. അല്ലെങ്കിലും കടലിന്റെ അടിത്തട്ടിലെ ഭംഗി ആരു കണ്ടിരിക്കുന്നു. മുങ്ങിമരിച്ചവര്‍ മാത്രമല്ലേ ആഴങ്ങളുടെയും ആഴത്തിലുള്ള മത്സ്യരാജാവിന്റെ കൊട്ടാരത്തിലെത്താറുള്ളൂ. അങ്ങനെ ചേച്ചിമാരെല്ലാവരും ഒരുമിച്ച് യാത്രപോകുമ്പോള്‍ ഒടുവിലത്തെ രാജകുമാരി മാത്രം സങ്കടത്തോടെ ഒറ്റയ്ക്കിരുന്നു കരയുകയാണ് പതിവ്. പക്ഷേ, മത്സ്യകന്യകമാര്‍ക്ക് കണ്ണീരില്ല... നിശ്ശബ്ദം മനസ്സുകൊണ്ട് തേങ്ങാന്‍ മാത്രമേ അവര്‍ക്കാകൂ.
'എനിക്കും വേഗം പതിനഞ്ചു വയസ്സായെങ്കില്‍,' ഒടുവിലത്തെ അനുജത്തി നെടുവീര്‍പ്പിട്ടു. 'കരയിലെ കാഴ്ചകള്‍...' അവിടെ ജീവിക്കുന്ന മനുഷ്യര്‍... എത്ര കണ്ടാലും എനിക്കു മതിയാവില്ല,' അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

അങ്ങനെ പറഞ്ഞു പറഞ്ഞ് അവളുടെ പതിനഞ്ചാം പിറന്നാളായി.
'ഇനി നിനക്ക് ഇഷ്ടംപോലെ എങ്ങും പോകാം. എന്റെ കൈയില്‍ തൂങ്ങി നില്‌ക്കേണ്ടതില്ല,' മുത്തശ്ശിയമ്മ അവളെ അരികിലണച്ചു. 'ചേച്ചിമാരെപ്പോലെ നിന്നെയും ഞാന്‍ അണിയിച്ചൊരുക്കട്ടെ.' അവളുടെ തലയ്ക്കു ചുറ്റുമായി വെളുത്ത ലില്ലിപ്പൂക്കള്‍കൊണ്ടുള്ള ഒരു മാല മുത്തശ്ശി ചൂടിച്ചു. ലില്ലിപ്പൂവിന്റെ ഓരോ ഇതളും ഒരു നന്മുത്തിന്റെ പകുതിയായിരുന്നു. വാലിന്റെ തുമ്പത്തായി എട്ടു വലിയ മുത്തുചിപ്പികളും പതിപ്പിച്ചുവെച്ചു. അവളൊരു രാജകുമാരിയല്ലേ... അതിന്റെ ചിഹ്നം.

പക്ഷേ, അതവള്‍ക്ക് ഒട്ടും ഇഷ്ടമായില്ല. 'എനിക്കു നോവുന്നു,' അവള്‍ മുഖം കോട്ടി.
'അത് സാരമില്ല..,' മുത്തശ്ശിയമ്മ സമാധാനിപ്പിച്ചു. 'ഭംഗിക്കു വേണ്ടിയല്ലേ... അത് സഹിച്ചോളൂ...'
ഇതൊന്നും വേണ്ടായിരുന്നു. ഈ മോടിയും ധാടിയും. അവള്‍ പിറുപിറുത്തു. 'ഇതിലുമൊക്കെ എനിക്കുചേരുക, എന്റെ സ്വന്തം തോട്ടത്തിലെ ചുകന്ന പൂക്കളാണ്,' അങ്ങനെ പറഞ്ഞു എന്നല്ലാതെ മുത്തശ്ശിയെ ധിക്കരിക്കാന്‍ അവള്‍ക്കു ധൈര്യമുണ്ടായിരുന്നില്ല. എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഒരു നീര്‍ക്കുമിളയുടെ ലാഘവത്തോടെ അവള്‍ മുകളിലേക്കു നീന്തി.

അവള്‍ ജലപ്പരപ്പിനു മുകളിലെത്തി. സൂര്യന്‍ അസ്തമിച്ചിട്ട് നിമിഷങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. മേഘങ്ങളിലെ സ്വര്‍ണത്തിളക്കവും, ഇളംചുകപ്പു രാശിയും അപ്പോഴും മറഞ്ഞിരുന്നില്ല. കടലില്‍ വലിയൊരു കപ്പല്‍ ഒറ്റപ്പായനിവര്‍ത്തി കിടന്നിരുന്നു. കാറ്റിനു ശക്തികൂടാന്‍ കാത്തിരിക്കുകയായിരുന്നു നാവികര്‍. കപ്പലില്‍ അവിടവിടെയായി ചെന്നിരുന്ന് അവര്‍ വര്‍ത്തമാനം പറയുകയായിരുന്നു. കപ്പലിന്റെ അകത്തുനിന്ന് പാട്ടുകേട്ടു. വാദ്യസംഗീതവും. ഇരുള്‍ പരന്നതോടെ നൂറുനൂറു റാന്തല്‍വിളക്കുകള്‍ കപ്പലിലെല്ലായിടത്തും തെളിഞ്ഞു. പല രാജ്യങ്ങളില്‍നിന്നുള്ള വര്‍ണക്കൊടികള്‍പോലെ അവ കാറ്റില്‍ ചാഞ്ചാടി. ആ കൊച്ചുമത്സ്യകന്യക കപ്പലിന്റെ തൊട്ടടുത്തുവരെ നീന്തിയെത്തി. പൊങ്ങുന്ന തിരമാലകളോടൊപ്പം അവളും ഉയര്‍ന്നു. കപ്പലിന്റെ ചില്ലുജനാലയില്‍ക്കൂടി അവള്‍ എത്തിനോക്കി. അകത്തു കണ്ടു; നിറപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് കുറെ അധികംപേര്‍. കൂട്ടത്തില്‍ ഏറ്റവും സുമുഖന്‍ ആ രാജകുമാരനായിരുന്നു. തിളങ്ങുന്ന വലിയ കറുത്ത കണ്ണുകള്‍. പതിനാറു വയസ്സില്‍ കൂടുതല്‍ പ്രായം കാണില്ല. രാജകുമാരന്റെ ജന്മദിനം പ്രമാണിച്ചായിരുന്നു ആ ആഘോഷങ്ങളെല്ലാം. രാജകുമാരന്റെ കൂട്ടുകാര്‍ കപ്പലിന്റെ മേല്‍ത്തട്ടില്‍ ഉല്ലാസപൂര്‍വം നൃത്തംവെച്ചു. കുമാരന്‍ എത്തിയതും എണ്ണമറ്റ റോക്കറ്റുകള്‍ പ്രകാശവര്‍ഷം തൂകിക്കൊണ്ട് മേലോട്ടു കുതിച്ചു. എങ്ങും പകല്‍പോലെ നിറഞ്ഞ വെളിച്ചം. കൊച്ചു മത്സ്യകന്യക ശരിക്കും പേടിച്ചു. നിമിഷംകൊണ്ട് അവള്‍ വെള്ളത്തിലേക്കു മറഞ്ഞു. അധികനേരം അങ്ങനെ മറഞ്ഞിരിക്കാന്‍ അവള്‍ക്കായില്ല. വീണ്ടും അവള്‍ പുറത്തേക്കു വന്നു. അതുവരെ കാണാത്തൊരു കാഴ്ച! മാനത്തെ നക്ഷത്രങ്ങളെല്ലാം ഒന്നായി ഭൂമിയിലേക്കു പൊഴിഞ്ഞുവീഴുന്നു. അവള്‍ക്കു ചുറ്റും സൂര്യഗോളങ്ങള്‍ ചുറ്റിത്തിരിയുന്നു. കടലിലാകെ പ്രകാശം ഓളം വെട്ടുന്നു. കപ്പലിലും നിറയെ വെളിച്ചം. ഓരോ മുക്കും മൂലയും വ്യക്തമായി കാണാം. സന്തോഷംകൊണ്ട് വിടര്‍ന്ന രാജകുമാരന്റെ മുഖം! നിറഞ്ഞ ചിരിയോടെ അതിഥികളെ സ്വാഗതം ചെയ്യുകയാണ്. എങ്ങും പാട്ടും, നൃത്തവും... കളിചിരികളും.

രാജകുമാരന്റെ ചന്തമുള്ള മുഖം. എത്ര കണ്ടിട്ടും മത്സ്യകന്യകയ്ക്ക് മതിയാവുന്നില്ല. നേരം വൈകിയതറിയാതെ അവള്‍ അവിടെത്തന്നെ നിന്നുപോയി.
വര്‍ണറാന്തലുകള്‍ ഒന്നൊന്നായി കെട്ടു. വെടിക്കെട്ടും നിലച്ചു. പക്ഷേ, കടലിന്റെ അടിത്തട്ടില്‍നിന്ന് വല്ലാത്തൊരു മുഴക്കം അവള്‍ക്കു കേള്‍ക്കാനായി. കാറ്റിനു ശക്തികൂടിയതോടെ കപ്പല്‍ മെല്ലെ യാത്ര തുടങ്ങിയിരുന്നു. ക്രമേണ തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. ആകാശത്ത് കാര്‍മേഘങ്ങള്‍ തിങ്ങിനിറഞ്ഞു. കടല്‍ ക്ഷോഭിക്കുകയായിരുന്നു. മലപോലെ തിരമാലകള്‍ ഉയര്‍ന്നുപൊന്തി. കപ്പല്‍ ആടിയുലഞ്ഞു. തിരമാലകളുടെ കനത്ത പ്രഹരമേറ്റ് കപ്പല്‍ വേദനയോടെ മോങ്ങി. പക്ഷേ, അവള്‍ക്ക് അതെല്ലാം ഒരു രസമായിരുന്നു. തിരമാലകളുടെ തലപ്പത്തിരുന്ന് പൊങ്ങിയും താഴ്ന്നും അവള്‍ കപ്പലിനോടൊപ്പം മുന്‍പോട്ടു നീങ്ങി. പെട്ടെന്ന് കപ്പലിനെ തല്ലിത്തകര്‍ത്ത് വെള്ളം അകത്തേക്ക് ഇരച്ചുകയറി.

അവള്‍ക്കു മനസ്സിലായി, കപ്പല്‍ അപകടത്തില്‍ പെട്ടിരിക്കുന്നു. ചുറ്റും കൂരിരുട്ട്. ഒന്നുംതന്നെ കാണാന്‍ വയ്യ. ഇടയ്ക്കുണ്ടായ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ അവള്‍ കണ്ടു, കപ്പലിലുണ്ടായിരുന്നവരെല്ലാം അവനവന്റെ പ്രാണന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മുങ്ങിത്താഴുന്ന കപ്പലില്‍നിന്ന് അവര്‍ പലവഴിക്കായി രക്ഷപ്രാപിക്കുന്നു. കൂട്ടത്തില്‍ രാജകുമാരന്റെ കാര്യമാണ് അവള്‍ പ്രത്യേകം ശ്രദ്ധിച്ചത്. അവന്‍ വെള്ളത്തിന്റെ അടിയിലേക്കു താഴുന്നതു കണ്ടപ്പോള്‍ ആദ്യം അവള്‍ക്കു സന്തോഷമാണ് തോന്നിയത്. രാജകുമാരന്‍ വരുന്നത് തങ്ങളുടെ നാട്ടിലേക്കാണല്ലോ! പിന്നീടാണ് ഓര്‍മവന്നത്. മരിച്ചവര്‍ക്കു മാത്രമേ മത്സ്യരാജാവിന്റെ കൊട്ടാരത്തില്‍ ചെന്നെത്താനാകൂ... മനുഷ്യര്‍ക്കാര്‍ക്കും വെള്ളത്തിനടിയില്‍ ജീവിച്ചിരിക്കുക സാധ്യമല്ല. അവള്‍ ക്ഷണത്തില്‍ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു. രാജകുമാരനെ എങ്ങനെയെങ്കിലും രക്ഷിക്കണം. ഏറെ നേരത്തെ ശ്രമത്തിനുശേഷമാണ് അവള്‍ അവനെ കണ്ടെത്തിയത്. തകര്‍ന്ന കപ്പലിന്റെ പലകകളും മരത്തടികളും അവള്‍ക്ക് വഴിയില്‍ തടസ്സമായി. കോള്‍കൊണ്ട കടലില്‍ നീന്താനാകാതെ വലയുകയായിരുന്നു രാജകുമാരന്‍. കൈകാലുകള്‍ തണുത്തു മരവിച്ചിരുന്നു. കണ്ണുകള്‍ ക്ഷീണംകൊണ്ട് അടഞ്ഞുപോയിരുന്നു. ആ നിമിഷം അവള്‍ എത്തിപ്പിടിച്ചില്ലായിരുന്നുവെങ്കില്‍... അവന്‍... അവള്‍ അവനെ തന്നോടു ചേര്‍ത്തുപിടിച്ചു. തല വെള്ളത്തിനു മുകളിലായി താങ്ങിനിര്‍ത്തി. തിരമാലകളോടൊപ്പം അവരും നീങ്ങി. ഏതെങ്കിലും കരയിലെത്താതിരിക്കില്ല. അവള്‍ വിചാരിച്ചു.

പ്രഭാതമായതോടെ കാറ്റുംകോളുമടങ്ങി. പക്ഷേ, ആ കപ്പലിന്റെ യാതൊരടയാളവും അവിടെയെങ്ങും കാണാനില്ലായിരുന്നു. സൂര്യന്‍ ഉദിച്ചു. ചുകന്ന സൂര്യകിരണങ്ങളേറ്റ് രാജകുമാരന്റെ കവിളുകള്‍ തുടുത്തു. എന്നിട്ടും അവന്‍ കണ്ണുതുറന്നില്ല. അവള്‍ അവന്റെ നെറ്റിയില്‍ മെല്ലെ ഉമ്മവെച്ചു. നനഞ്ഞ മുടിച്ചുരുളുകള്‍ മാടിയൊതുക്കി. എന്തൊരു ഭംഗി! തന്റെ തോട്ടത്തിലെ മാര്‍ബിള്‍ പ്രതിമപോലെ... അവന്‍ വേഗമൊന്ന് ഉണര്‍ന്നിരുന്നെങ്കില്‍!

അവസാനം കര കാണുമെന്നായി. ദൂരെ മഞ്ഞുമൂടിയ മലനിരകള്‍. മലമുകളില്‍ അരയന്നങ്ങള്‍ ചേക്കേറിയതുപോലെ. താഴെ, കരനിറയെ പച്ചക്കാടുകള്‍. മധുരനാരങ്ങകള്‍ തിങ്ങിവളരുന്നു. ഇടയ്ക്കിടെ പള്ളിഗോപുരങ്ങള്‍. പാറക്കെട്ടുകള്‍ക്കു താഴെയായി ഒരു വെണ്‍മണല്‍ത്തിട്ട. രാജകുമാരനേയുംകൊണ്ട് മത്സ്യകന്യക ആ തീരത്തേക്കു നീന്തി. അവള്‍ അവനെ താഴെ മണലില്‍ കിടത്തി. വെയില്‍ കൊള്ളത്തക്കവിധം മുഖം ഉയര്‍ത്തിപ്പിടിച്ചു. അപ്പോഴേക്കും പള്ളിമണികള്‍ മുഴങ്ങാന്‍ തുടങ്ങി. വെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരുകൂട്ടം യുവതികള്‍ പുറത്തേക്കു വന്നു. നിമിഷങ്ങള്‍ക്കകം അവള്‍ തെന്നിമാറി; ഒരു പാറക്കെട്ടിനു പുറകില്‍ മറഞ്ഞുനിന്നു. സ്വന്തം തലമുടി വലിച്ചിട്ട് മുഖവും മൂടി. ആരും അവളുടെ മുഖം കാണരുത്. അവള്‍ ആകാംക്ഷയോടെ കാത്തുനിന്നു. ഈ കൂട്ടത്തില്‍ ആരായിരിക്കും പാവം രാജകുമാരനെ ആദ്യം കണ്ടെത്തുക?

അധികനേരം കാത്തുനില്‌ക്കേണ്ടി വന്നില്ല. ആദ്യം വന്ന പെണ്‍കിടാവ് ബോധമറ്റു കിടക്കുന്ന രാജകുമാരനെക്കണ്ട് പരിഭ്രമിച്ചു. ഒരു നിമിഷം മാത്രം. ഉടനെത്തന്നെ അവള്‍ തോട്ടത്തിലേക്ക് തിരിച്ചോടി തന്റെ കൂട്ടുകാരികളേയും കൂട്ടിക്കൊണ്ടുവന്നു. മെല്ലെ രാജകുമാരന്‍ കണ്ണുതുറന്നു. ചുറ്റും കൂടിനിന്നവരെ നോക്കി പതുക്കെ ഒന്നു ചിരിച്ചു. തന്നെ നോക്കി അവന്‍ ചിരിക്കുന്നില്ലല്ലോ. അവള്‍ക്കു സങ്കടം തോന്നി. താനാണ് അവനെ മരണത്തില്‍നിന്നും രക്ഷിച്ചതെന്നും അവനറിഞ്ഞുകൂടല്ലോ. രാജകുമാരനെ താങ്ങിയെടുത്ത് ആ പെണ്‍കുട്ടികള്‍ കൊട്ടാരത്തിലേക്കു കൊണ്ടുപോകുന്നത് നിസ്സഹായയായി അവള്‍ നോക്കിനിന്നു. രാജകുമാരന്‍ കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ മത്സ്യകന്യകയും മുങ്ങാംകുഴിയിട്ട് തന്റെ അച്ഛന്റെ കൊട്ടാരത്തിലേക്കു മടങ്ങി.

സ്വതവേത്തന്നെ അവള്‍ ഒരു വര്‍ത്തമാനക്കാരിയായിരുന്നില്ല. ആദ്യദിവസത്തെ ആ അനുഭവം അവളെ കൂടുതല്‍ മൂകയാക്കി. ചേച്ചിമാര്‍ പലവട്ടം ചോദിച്ചു, അവളുടെ വിഷാദത്തിന്റെ കാരണം. കാര്യമായൊന്നും പറയാതെ ഒഴിഞ്ഞുമാറുകയാണ് അവള്‍ ചെയ്തത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലപ്പോഴും രാവിലെയും വൈകുന്നേരവും കടല്‍വക്കത്തുള്ള ആ കൊട്ടാരത്തിനരികത്തായി അവള്‍ മറഞ്ഞുനിന്നു, തന്റെ പ്രിയപ്പെട്ട രാജകുമാരനെ ഒരുനോക്കു കാണാന്‍. തോട്ടത്തിലെ പഴങ്ങള്‍ പാകമാകുന്നതും വേലക്കാര്‍ വന്ന് അവ പറിച്ചുകൂട്ടുന്നതും അവള്‍ കണ്ടു. മലമുകളിലെ മഞ്ഞ് ഉരുകി ഒലിക്കുന്നതും അവള്‍ കണ്ടു. പക്ഷേ, ആ രാജകുമാരനെ മാത്രം ഒരിക്കലും അവള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. ദുഃഖാര്‍ദ്രമായ മനസ്സോടെ അവള്‍ എന്നും സ്വന്തം കൊട്ടാരത്തിലേക്കു മടങ്ങിച്ചെന്നു. തോട്ടത്തിലെ മാര്‍ബിള്‍പ്രതിമ മാത്രമായിരുന്നു അവള്‍ക്കൊരാശ്വാസം. കൊട്ടാരത്തിലെ രാജകുമാരന്റെ ഓര്‍മയുണര്‍ത്തുന്ന വെണ്ണക്കല്‍ പ്രതിമ. അതിനെ കെട്ടിപ്പിടിച്ചും താലോലിച്ചും അവള്‍ സമയം കഴിച്ചുകൂട്ടി. ഒന്നിലും ശ്രദ്ധയില്ലാതെ ഉത്സാഹമില്ലാതെ നാളുകള്‍ കടന്നുപോയി. അവളുടെ തോട്ടവും ശുശ്രൂഷിക്കാനാളില്ലാതെ കോലംകെട്ടുപോയി.

ഒരു ദിവസം, സങ്കടം സഹിക്കാനാവാതെ സഹോദരിമാരില്‍ ഒരാളുടെ മുന്‍പില്‍ അവള്‍ മനസ്സുതുറന്നു. അവള്‍ അത് മറ്റുള്ളവരേയും അറിയിച്ചു. എന്നാലും ഏറ്റവും അടുപ്പമുള്ള ഒന്നുരണ്ടു സ്‌നേഹിതമാരോടല്ലാതെ പുറമെ ആരോടും അവര്‍ ആ രഹസ്യം പറയുകയുണ്ടായില്ല. അവരില്‍ ഒരാള്‍ക്ക് രാജകുമാരനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നു. പിറന്നാള്‍ ദിവസം കപ്പലില്‍വെച്ചു നടത്തിയ ആഘോഷപരിപാടികളും അവള്‍ കണ്ടിരുന്നു.
'വരൂ, ഞങ്ങളോടൊപ്പം പോരൂ,' ഒരു ദിവസം കൊച്ചനുജത്തിയേയും കൂട്ടി അവരഞ്ചുപേരും ആ കൊട്ടാരത്തിനടുത്തുള്ള കടല്‍ത്തീരത്തേക്ക് നീന്തിച്ചെന്നു.
അതിമനോഹരമായൊരു കൊട്ടാരം. തിളങ്ങുന്ന മഞ്ഞക്കല്ലുകള്‍കൊണ്ടാണ് അത് പണിതിരിക്കുന്നത്. മാര്‍ബിള്‍കൊണ്ടുള്ള വലിയ കോണി ഇറങ്ങിച്ചെന്നാല്‍ നേരെ ഉദ്യാനത്തിലെത്താം. കൊട്ടാരത്തില്‍ പല ദിക്കിലും ഭംഗിയുള്ള മാര്‍ബിള്‍ പ്രതിമകള്‍. ഒക്കയും ആള്‍ വലുപ്പത്തില്‍. ചില്ലു ജനാലകള്‍ക്കപ്പുറം വിശാലമായ അകത്തളങ്ങള്‍. പട്ടു തിരശ്ശീലകള്‍. പ്രധാന തളത്തിന്റെ ഒത്ത നടുവിലായി അത്യാകര്‍ഷമായ ഒരു ജലധാര. അവിടവിടെ വലിയ പൂച്ചട്ടികളില്‍ തളിര്‍ത്തുനില്ക്കുന്ന പനമരങ്ങള്‍.

അങ്ങനെ രാജകുമാരന്റെ വാസസ്ഥാനം അവള്‍ കണ്ടെത്തി. അതില്‍പ്പിന്നെ സന്ധ്യയ്ക്കും രാത്രിയിലുമൊക്കെ അവിടെച്ചെന്നിരിക്കുക അവളുടെ പതിവായി. മട്ടുപ്പാവില്‍ തനിയെ വന്നിരിക്കുന്ന രാജകുമാരനെയും നോക്കി അവള്‍ മണിക്കൂറുകള്‍ ചെലവഴിക്കും. ചിലപ്പോള്‍ രാജകുമാരന്‍ കടലില്‍ തോണിതുഴഞ്ഞു കളിക്കും. കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിച്ച നല്ലൊരു കളിവഞ്ചി. അതില്‍നിന്ന് വാദ്യസംഗീതമുയരുന്നുണ്ടാകും. കടലോരത്തെ കാട്ടുചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അവള്‍ രാജകുമാരന്റെ കളികള്‍ കാണും. അവളുടെ വെള്ളനിറത്തിലുള്ള ശിരോവസ്ത്രം കാറ്റില്‍ പറന്നാലും കാണുന്നവര്‍ കരുതുക അത് മാനത്തേക്കു പറന്നുയരുന്ന ഒരു അരയന്നമാണെന്നാണ്.

അങ്ങനെ നോക്കിയിരിക്കുന്നതിനിടയില്‍ പലപ്പോഴും അവളുടെ കാതില്‍ വന്നെത്താറുണ്ട്, രാത്രികാലങ്ങളില്‍ ചൂട്ടുംകത്തിച്ച് മീന്‍പിടിക്കാനെത്തുന്ന മുക്കുവരുടെ വര്‍ത്തമാനങ്ങള്‍. എല്ലാവര്‍ക്കും രാജകുമാരനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ഇത്ര നല്ല ഒരാളെയാണല്ലൊ താന്‍ മരണത്തില്‍നിന്നും രക്ഷിച്ചത്. അവള്‍ക്ക് അഭിമാനവും സന്തോഷവും തോന്നി. താന്‍ രാജകുമാരനെ മാറോടുചേര്‍ത്ത് അടക്കിപ്പിടിച്ചതും, ആ നെറുകയില്‍ പ്രേമപൂര്‍വം ചുംബിച്ചതും പിന്നെയും പിന്നെയും അവളോര്‍ത്തു രസിച്ചു. പക്ഷേ, ഇതൊന്നും രാജകുമാരന്‍ അറിഞ്ഞിരുന്നില്ലല്ലോ. അവന്റെ സ്വപ്‌നത്തില്‍പ്പോലും അവളുണ്ടായിരുന്നില്ല.

എന്തോ. അവളുടെ മനസ്സില്‍ മനുഷ്യരോടെല്ലാവരോടുംതന്നെ വല്ലാത്തൊരു മമത. അവരുടെ കൂട്ടത്തില്‍ ചേരാനും അവരുമായി ഇടപഴകാനും അടക്കാന്‍ വയ്യാത്ത മോഹം. അവരുടെ കപ്പലുകള്‍ക്ക് കടലിന്റെ ഏതു കോണിലും നിഷ്പ്രയാസം ചെന്നെത്താം. മേഘങ്ങളെക്കാള്‍ ഉയര്‍ന്നുനില്ക്കുന്ന കൊടുമുടികളിലേക്ക് അവര്‍ക്കു കയറിപ്പറ്റാം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കരയിലെ തോപ്പുകള്‍, തോട്ടങ്ങള്‍, പുല്‍മൈതാനങ്ങള്‍ എല്ലാറ്റിനേയുംകുറിച്ചറിയാന്‍ അവള്‍ക്കാഗ്രഹം. പക്ഷേ, അവളുടെ ചോദ്യങ്ങള്‍ക്കൊക്കെയും ഉത്തരം നല്കാന്‍ അവളുടെ ചേച്ചിമാര്‍ക്കായില്ല. മുത്തശ്ശിയാണ് അതിനു പറ്റിയ ആള്‍. മനുഷ്യലോകത്തെപ്പറ്റി എല്ലാമെല്ലാം മുത്തശ്ശിക്കറിയാം. കടലിനു മീതെയുള്ള നാട്. അങ്ങനെയാണ് അവര്‍ പറയാറ്.

'കടലില്‍ മുങ്ങിത്താഴ്ന്നില്ലെങ്കില്‍ മനുഷ്യരാരും മരിക്കുകയില്ലേ?' മത്സ്യകന്യകയുടെ സംശയം. 'അവരെന്നെന്നും ജീവിച്ചിരിക്കുമോ? നമ്മുടെ കൂട്ടരെപ്പോലെ കുറെ കഴിഞ്ഞാല്‍ അവരും മരിക്കില്ലേ?'

'ഉവ്വല്ലോ,' മുത്തശ്ശി ചിരിച്ചു. കുട്ടിയുടെ സംശയങ്ങള്‍ മുത്തശ്ശിക്കു രസം തോന്നി. 'നമ്മളേക്കാള്‍ ആയുസ്സു കുറവാണ് മനുഷ്യര്‍ക്ക്. നമ്മുടെ ആയുസ്സ് ഏതാണ്ട് മൂന്നൂറു വര്‍ഷമാണ്. മരിച്ചാല്‍ത്തന്നെയും നമുക്ക് മൃതശരീരമില്ല... നുരയും പതയുമായി ഈ കടലില്‍ത്തന്നെ കഴിയും. അതുകൊണ്ടാണ് ഇവിടെ ശവമാടങ്ങളൊന്നും കാണാത്തത്. ''മരണമില്ലാത്ത ആത്മാവ്'' എന്ന സങ്കല്പം നമുക്കില്ല. മരണാനന്തര ജീവിതവും നമുക്കില്ല. നമ്മള്‍ ഈ കടല്‍ച്ചെടികള്‍പോലെയാണ്. ഒരിക്കല്‍ അറുത്തെടുത്താല്‍ പിന്നെ എല്ലാം അതോടെ അവസാനിച്ചു. വീണ്ടും ഒരു ജനനമില്ല. മനുഷ്യരുടെ കാര്യം അങ്ങനെയല്ല. ശരീരം മരിച്ചു മണ്ണടിഞ്ഞാലും അവരുടെ ആത്മാവിനു മരണമില്ല. ആകാശത്തേക്കുയര്‍ന്ന് അവ നക്ഷത്രങ്ങളായി മാറും. ഏതാണ്ട് നമ്മള്‍ കടലില്‍നിന്നുയര്‍ന്ന് കരയിലേക്കെത്തി നോക്കുന്നതുപോലെ അവരും ഉയരെ ഉയരെയുള്ള ഏതോ ലോകത്തില്‍ എത്തിച്ചേരുന്നു. അതൊന്നും ഒരുകാലത്തും നമുക്കു കാണാനാവില്ല.'
'നമുക്കു മാത്രമെന്താ മരിക്കാത്ത ആത്മാവില്ലാത്തത്?' കുട്ടിയുടെ വാക്കുകളില്‍ നിരാശയും വിഷാദവും. 'എന്റെ മുന്നൂറുവര്‍ഷവും ഞാന്‍ കൊടുക്കാം; ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്കാനുള്ള അവസരം പകരം കിട്ടുകയാണെങ്കില്‍. അങ്ങനെ മരിച്ച് എനിക്കും സ്വര്‍ഗരാജ്യത്തില്‍ ചെന്നെത്താന്‍ പറ്റുമല്ലോ.'

'അസംബന്ധം,' മുത്തശ്ശി അവളെ ശാസിച്ചു. 'അങ്ങനെയൊന്നും വിചാരിക്കാന്‍കൂടി പാടില്ല. കരയിലെ മനുഷ്യരേക്കാള്‍ എത്രയോ സുഖമായും സന്തോഷമായുമാണ് നമ്മള്‍ കഴിയുന്നത്.'

'എന്നുവെച്ചാല്‍ ഞാന്‍ ഇവിടെത്തന്നെ ജീവിച്ചുമരിച്ച് ഒടുവില്‍ നുരയും പതയുമായി മാറണം എന്ന് അല്ലേ,' കുട്ടിയുടെ ഒച്ച ഇടറി. 'കടലലയുടെ സംഗീതം കേള്‍ക്കാന്‍... കരയിലെ പൂക്കളുടെ സൗന്ദര്യമാസ്വദിക്കാന്‍... സൂര്യന്റെ കണ്ണഞ്ചിക്കുന്ന ചുകന്ന വെളിച്ചം കണ്ടുനില്ക്കാന്‍ ഒന്നിനും എനിക്കാവില്ലെന്നോ? മരിക്കാത്ത ഒരാത്മാവ് സ്വന്തമാക്കാന്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്?'

'ഒന്നും ചെയ്യാനാവില്ല,' മുത്തശ്ശി അവളുടെ മുടിയിഴകള്‍ തഴുകി. 'എന്നാല്‍ വഴിയില്ലാതേയുമില്ല.' ഒട്ടുനേരം ആലോചിച്ചിട്ടാണ് മുത്തശ്ശി അതു പറഞ്ഞത്. 'കരയിലെ മനുഷ്യരാരെങ്കിലും നിന്നെ പ്രണയിക്കണം. സ്വന്തം പ്രാണനേക്കാളധികം നിന്നെ സ്‌നേഹിക്കണം. നീയില്ലാതെ ജീവിതമില്ല എന്ന സ്ഥിതിയിലെത്തണം. എന്നെന്നും വിശ്വസ്തത പുലര്‍ത്തിക്കൊള്ളാമെന്ന് പ്രതിജ്ഞയെടുക്കണം. ഒടുവില്‍ ഒരു പുരോഹിതന്റെ സാന്നിധ്യത്തില്‍ രണ്ടുപേരും പരസ്​പരം കൈകള്‍ കോര്‍ത്ത് വിവാഹിതരാവണം. ആ നിമിഷം നിങ്ങളുടെ രണ്ടുപേരുടെയും ആത്മാവുകള്‍ ഒന്നാകും... അതോടെ മനുഷ്യന്റെ നിയോഗങ്ങള്‍ക്ക് നീയും പാത്രമാകും.'

കുട്ടിയുടെ കണ്ണില്‍ ആശയുടെ നേരിയ കിരണങ്ങള്‍ തെളിഞ്ഞു.

അപ്പോഴേക്കുംതന്നെ മുത്തശ്ശി പറഞ്ഞു, 'അതൊക്കെ തികച്ചും അസാധ്യമായ കാര്യങ്ങള്‍... മത്സ്യകന്യകമാരുടെ സൗന്ദര്യചിഹ്നമായ ചന്തമുള്ള ഈ വാല്‍... കരയിലെ മനുഷ്യരുടെ കണ്ണില്‍ അത് വൃത്തികെട്ട ഒരു സാധനമാണ്. അവര്‍ക്ക് വേണ്ടത് കാലുകളാണ്; തറയില്‍ ഉറപ്പിച്ചു നില്ക്കാനും നടക്കാനും പറ്റിയ വിധത്തിലുള്ള കാലുകള്‍!'

കുട്ടി തലതിരിച്ച് തന്റെ ഭംഗിയുള്ള നീണ്ട വാലും നോക്കി ഇരുന്നു. വല്ലാത്തൊരു സങ്കടംതന്നെ. അവള്‍ നിരാശയോടെ നെടുവീര്‍പ്പിട്ടു.
'അതൊന്നും വിചാരിച്ച് നീ വ്യസനിക്കേണ്ട,' മുത്തശ്ശി അവളുടെ പുറത്തു തട്ടി. 'ഇവിടെ എന്താണൊരു കുറവ്... എല്ലാ വിധത്തിലും സന്തോഷംതന്നെ. മുന്നൂറു വര്‍ഷം ഉല്ലാസത്തോടെ കഴിയാം...' മുത്തശ്ശി എഴുന്നേറ്റു. 'മറക്കണ്ട, ഒരുങ്ങിക്കോളൂ. ഇന്ന് കൊട്ടാരത്തില്‍ കേമമായ വിരുന്നില്ലേ?'
മനുഷ്യലോകത്തിലെ വിരുന്നിനേക്കാള്‍ ഗംഭീരമാണ് മത്സ്യകൊട്ടാരത്തിലെ ആഘോഷങ്ങള്‍. അതിനുവേണ്ടി മാത്രം പ്രത്യേകമായി പണിത വലിയൊരു തളമുണ്ട്. കട്ടികൂടിയതെങ്കിലും സുതാര്യമായ സ്ഫടികംകൊണ്ട് പണിതത്. അതിമനോഹരമായ മൂന്നു ചിപ്പികളും കടല്‍കക്കകളുംകൊണ്ടാണ് അലങ്കാരങ്ങള്‍. തളത്തിന്റെ നടുവിലായി വലിയൊരു ജലാശയം. അതിലൊന്ന് മത്സ്യകുമാരന്മാരും, കുമാരിമാരും ആടിപ്പാടി ഉല്ലസിക്കുക. ഭൂമിയിലെ ഒരു ജീവിക്കും അവരുടെ സ്വരമാധുര്യത്തെ വെല്ലാനാവില്ല.

അന്ന് ആ മത്സ്യകന്യക എല്ലാം മറന്നു പാടി. കൂട്ടത്തില്‍ ഏറ്റവും മധുരമായ സ്വരം. പിന്നെ... പിന്നെ വീണ്ടും അവളുടെ മനസ്സില്‍ വിഷാദം ഉറപൊട്ടി. സുന്ദരനായ രാജകുമാരന്റെ മുഖം. ഒരിക്കലും മരണമില്ലാത്ത മനുഷ്യാത്മാവ്... ഒന്നും തനിക്കു വിധിച്ചിട്ടുള്ളതല്ലല്ലോ! ആ ആഹ്ലാദത്തിമിര്‍പ്പിനിടയില്‍നിന്ന് ആരും കാണാതെ അവള്‍ പുറത്തേക്കിറങ്ങി. സ്വന്തം തോട്ടത്തിന്റെ ഒഴിഞ്ഞൊരു മൂലയില്‍ തനിയെ ചെന്നിരുന്നു. ഓര്‍മകള്‍ രാജകുമാരനെ വിട്ടുമാറുന്നില്ല. 'അവന്‍ ഇപ്പോള്‍ തോണിതുഴഞ്ഞു കളിക്കുകയാകും. എല്ലാവരെക്കാളുമുപരി ഞാന്‍ അവനെ സ്‌നേഹിക്കുന്നു. എങ്ങനെയെങ്കിലും അവനെ സ്വന്തമാക്കണം. ഒപ്പം മരണമില്ലാത്ത ആത്മാവും എന്റേതാകണം...' മത്സ്യകന്യകയുടെ ചിന്തകള്‍ അങ്ങനെ നീണ്ടുപോയി. ഒടുവില്‍ അവള്‍ തീരുമാനിച്ചു, 'കടലിലെ മന്ത്രവാദിനിയെ ചെന്നുകാണാം.' സ്വതവേ അവള്‍ക്കു അവരെ ഭയമായിരുന്നു. എന്നാലും അവള്‍ക്കു തോന്നി, 'എന്റെ ആഗ്രഹം നടത്തിത്തരാന്‍ അവര്‍ക്കുമാത്രമേ സാധിക്കൂ.' കടലിനടിയില്‍ അതിഭയങ്കരമായ ചുഴികള്‍ക്കു പുറകിലായിരുന്നു മന്ത്രവാദിനിയുടെ താമസം. പൂവോ, പുല്ലോ വളരാത്ത ശൂന്യത. എങ്ങും ചാരനിറത്തിലുള്ള മണല്‍മാത്രം. കടല്‍ച്ചുഴികള്‍ വലിയ യന്ത്രച്ചക്രങ്ങളെപോലെ സദാ കറങ്ങികൊണ്ടിരിക്കും. അരികിലെത്തുന്നതിനെയൊക്കെ തന്റെ പിടിയിലേക്ക് വലിച്ചടുപ്പിക്കും. പിന്നെ രക്ഷപ്പെടാനാവില്ല. അവിടെ വിചിത്രമായ ജലജീവികളുണ്ടായിരുന്നു. മൃഗമാണോ ചെടിയാണോ എന്ന് വേര്‍തിരിച്ചു പറയാനാവില്ല. നൂറുതലയുള്ള സര്‍പ്പങ്ങളുടെ മുഖച്ഛായയായിരുന്നു ചിലതിന്. ആരായാലും അടുത്തു ചെന്നാല്‍ വരിഞ്ഞുമുറുക്കിക്കളയും. ഒക്കെ കേട്ടുകേള്‍വിയായിരുന്നു. മുന്‍പൊരിക്കലും അവള്‍ അവിടേക്കു പോയിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ഒടുവില്‍ കടമ്പകളും, അപകടങ്ങളും തരണംചെയ്തു അവള്‍ മന്ത്രവാദിനിയുടെ വീട്ടുവാതില്ക്കലെത്തി.

കപ്പലപകടത്തില്‍പ്പെട്ടു മരിച്ചുപോയ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൊണ്ടാണ് ആ വീടു പണിതിരുന്നത്. കണ്ടാല്‍ ഭയംതോന്നിക്കുന്ന രൂപംതന്നെ. നീണ്ടു നരച്ച തലമുടി നെറുകയില്‍ കയറ്റികെട്ടിവെച്ചിരുന്നു. അവരുടെ നീട്ടിയ ഉള്ളംകൈയില്‍നിന്ന് ഒരൂക്കന്‍ തവള എന്തോ നക്കിയെടുക്കുന്നു. ചുറ്റും കടല്‍പ്പാമ്പുകള്‍ പുളഞ്ഞുമറയുന്നു. മന്ത്രവാദിനിയുടെ കൈകളിലും മാറത്തുമൊക്കെ അവ ഇഴഞ്ഞുകൊണ്ടിരിക്കുന്നു.

'നീ എന്തിനാണിവിടെ വന്നിരിക്കുന്നതെന്ന് എനിക്കറിയാം,' മത്സ്യകന്യകയെ കണ്ടതും മന്ത്രവാദിനി വിളിച്ചുപറഞ്ഞു, 'ശുദ്ധ വിഡ്ഢിത്തമാണ്... എന്നാലും നിന്റെ ആഗ്രഹം സഫലമാകും... പക്ഷേ, ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരും. നിനക്ക് നിന്റെ ഈ വാല് വേണ്ട അല്ലേ? അതിന്റെ സ്ഥാനത്ത് എന്റെ രാജകുമാരിക്കുവേണം, മനുഷ്യര്‍ക്കുള്ളതുപോലെ രണ്ടു കാലുകള്‍... എന്നിട്ട് കരയിലെ രാജകുമാരന്റെ പ്രണയഭാജനമാകണം. അവനെ വിവാഹം കഴിച്ച് ഒരിക്കലും മരണമില്ലാത്ത ആത്മാവിന്റെ ഉടമയാകണം.' മന്ത്രവാദിനിയുടെ വാക്കുകള്‍; തന്റെ മനസ്സിലുള്ളതത്രയും തോണ്ടി എടുത്തതുപോലെ. മത്സ്യകന്യക ഒന്നും മിണ്ടാനാകാതെ നിന്നുപോയി.

'നീ വന്ന നേരം നന്നായി,' മന്ത്രവാദിനി പറഞ്ഞു, 'നാളെ സൂര്യോദയംമുതല്‍ ഒരു വര്‍ഷം മുഴുവന്‍ എനിക്ക് നോമ്പുകാലമാണ്. പതിവു പണികളൊന്നുംതന്നെ ഞാന്‍ ചെയ്യില്ല.' അല്പനേരം അവളുടെ മുഖത്തേക്കുതന്നെ ഉറ്റുനോക്കിനിന്നതിനുശേഷം അവര്‍ പറഞ്ഞു, 'ആട്ടെ... ഞാന്‍ വിശേഷപ്പെട്ട ഒരു മരുന്നു തയ്യാറാക്കിത്തരാം. അതുകൊണ്ട് സൂര്യോദയത്തിനുമുന്‍പ് കടല്‍ക്കരയിലെത്തണം. എവിടെയെങ്കിലും മാറിയിരുന്ന് ആ മരുന്നു സേവിക്കണം. ക്രമേണ നിന്റെ വാല്‍ രണ്ടായി പിളരും. അതിന്റെ ആകൃതി പാടെ മാറും. ഒടുവില്‍ മനുഷ്യരുടേതുപോലെയുള്ള കാലുകളായിത്തീരും. പക്ഷേ, അതികഠിനമായ വേദന സഹിക്കേണ്ടിവരും, പറഞ്ഞേക്കാം.'

'ആയിക്കോട്ടെ,' അവളുടെ തൊണ്ടയൊന്ന് ഇടറി. രാജകുമാരനും മരണമില്ലാത്ത ആത്മാവും. ആ വിചാരം അവള്‍ക്ക് ശക്തിയും ധൈര്യവും പകര്‍ന്നു.
'ഒരു കാര്യം ഓര്‍മവെച്ചോളൂ,' ഒരു താക്കീത് എന്നപോലെ മന്ത്രവാദിനി പറഞ്ഞു, 'ഒരിക്കല്‍ മനുഷ്യസ്ത്രീയായിക്കഴിഞ്ഞാല്‍ പിന്നെ വീണ്ടും മത്സ്യകന്യകയായി മാറാന്‍ സാധിക്കില്ല. അച്ഛന്റെ കൊട്ടാരത്തിലേക്ക് തിരിച്ചുപോകാനാവില്ല... ചേച്ചിമാരെ കാണാനുമാവില്ല. രാജകുമാരന്റെ ഹൃദയം കവര്‍ന്ന് അവന്റെ ജീവിതസഖിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍... നിനക്കൊരിക്കലും മരണമില്ലാത്ത ആത്മാവ് കൈവരിക്കാനാകില്ല. മാത്രമല്ല, രാജകുമാരന്‍ മറ്റൊരു പെണ്‍കിടാവിനെ വിവാഹം കഴിക്കുകയാണെങ്കില്‍ സൂര്യോദയമാകുമ്പോഴേക്കും ഹൃദയംതകര്‍ന്ന് നീ ഈ കടലിലെ നുരയും പതയുമായിത്തീരും.'
'അങ്ങനെയാവട്ടെ,' മത്സ്യകന്യകയുടെ മുഖം ജീവനറ്റതുപോലെ വിളര്‍ത്തുപോയി.

'ഇനി എനിക്കു തരേണ്ട പ്രതിഫലം,' മന്ത്രവാദിനിയുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറി, 'സാമാന്യമായതൊന്നും വേണ്ട... ഏറ്റവും വിലപിടിച്ചതുതന്നെ വേണം.'
'എന്നുവെച്ചാല്‍...?' അവളാകെ പകച്ചുപോയി.
'നിന്റെ സ്വരം... എനിക്കറിയാം... നമ്മുടെ രാജ്യത്തെ ഏറ്റവും മധുരമായ സ്വരമാണ് നിന്റേത്.'
'അതു തന്നുകഴിഞ്ഞാല്‍... പിന്നെ എന്റേതായി ബാക്കി എന്തുണ്ട്?' അവള്‍ തികച്ചും നിസ്സഹായയായി.
'നിന്റെ ഈ സൗന്ദര്യം...' മന്ത്രവാദിനി ഉറപ്പിച്ചു പറഞ്ഞു. 'നിന്റെ തിളങ്ങുന്ന കണ്ണുകള്‍. അഴകാര്‍ന്ന നടത്തം. അതുമതിയല്ലോ ഏതൊരു പുരുഷന്റേയും ഹൃദയം കവരാന്‍.' അവള്‍ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നതേയുള്ളു...
'എവിടെപ്പോയി നിന്റെ വീറും വാശിയും?' മന്ത്രവാദിനി അവളെ പരിഹസിച്ചു. 'വേഗം നാവു നീട്ടൂ... ഞാനറുത്തെടുക്കട്ടെ,' അവര്‍ തിടുക്കം കൂട്ടി. 'ഞാന്‍ ഉണ്ടാക്കാന്‍പോകുന്ന വീര്യമുള്ള മരുന്നിന്റെ വിലയാണത്...'
അവളുടെ മുന്‍പില്‍വെച്ചുതന്നെ അവര്‍ ചെമ്പുകലമെടുത്ത് അടുപ്പില്‍വെച്ചു. സ്വന്തം നെഞ്ചു കുത്തിക്കീറി ആ രക്തമെടുത്ത് കലത്തിലേക്കൊഴിച്ചു. പിന്നെ വേറേയും എന്തൊക്കയോ സാധനങ്ങള്‍ അതില്‍ വിതറി. എല്ലാം കൂടി തിളച്ചു മറിഞ്ഞു. നുരഞ്ഞുപൊങ്ങി.
'ഔഷധം തയ്യാറായിരിക്കുന്നു... ഇനി അതിന്റെ വില,' മന്ത്രവാദിനി മൂര്‍ച്ചയുള്ള ഒരു കത്തിയുമായി അവളുടെ നേരെ തിരിഞ്ഞു; നിമിഷങ്ങള്‍ക്കകം നാവ് അറുത്തെടുത്തു. മത്സ്യകന്യകയുടെ മിണ്ടാട്ടവും നിലച്ചു.
'പേടിക്കേണ്ട...' അവര്‍ അവളെ സമാധാനിപ്പിച്ചു. 'നീരാളികള്‍ക്കിടയില്‍പ്പെട്ടാല്‍ ഇതില്‍നിന്ന് ഒരു തുള്ളി തളിച്ചാല്‍ മതി. അതോടെ അവയുടെ കൈകളറ്റുപോകും.' എന്നാല്‍ ഭയപ്പെട്ടതുപോലെ അവള്‍ക്ക് ആ മരുന്ന് പ്രയോഗിക്കേണ്ടി വന്നില്ല. അവളുടെ കൈയിലിരിക്കുന്ന മരുന്നു കണ്ടതോടെ തന്നെ നീരാളികൂട്ടങ്ങള്‍ സ്വയം പേടിച്ചുപിന്‍വാങ്ങി.

മത്സ്യകന്യക അവളുടെ അച്ഛന്റെ കൊട്ടാരത്തിനടുത്തെത്തി. അകത്തെ നൃത്തവും പാട്ടും അവസാനിച്ചിരിക്കുന്നു. വിളക്കുകളൊക്കെ അണച്ച് എല്ലാവരും നല്ല ഉറക്കമായിരിക്കുന്നു. അവള്‍ അകത്തേക്കു കടന്നില്ല. ആരോട്, എങ്ങനെ യാത്ര പറയാന്‍. മിണ്ടാന്‍ വയ്യല്ലോ! ചേച്ചിമാരുടെ തോട്ടങ്ങളില്‍നിന്ന് ഓരോ പൂ പറിച്ച് അവള്‍ കൈയില്‍വെച്ചു. ഓര്‍മയ്ക്കിരിക്കട്ടെ. എല്ലാവരോടുമായി നിശ്ശബ്ദം യാത്ര പറഞ്ഞുകൊണ്ട് അവള്‍ ജലപ്പരപ്പിലേക്കുയര്‍ന്നു.

അവള്‍ രാജകുമാരന്റെ കൊട്ടാരത്തിലേക്കുള്ള വെണ്ണക്കല്‍ കോണിയുടെ ചുവട്ടിലേക്കു നീന്തിയെത്തി. സൂര്യന്‍ ഉദിച്ചിട്ടില്ല. മാനത്ത് അപ്പോഴും ചന്ദ്രന്‍ തെളിഞ്ഞു പ്രകാശിക്കുന്നു. മന്ത്രവാദിനി നല്കിയ മരുന്ന് അവള്‍ വായിലേക്കൊഴിച്ചു. ഉള്ളാകെ പൊള്ളുന്നതുപോലെ മൂര്‍ച്ചയേറിയ ഒരു കത്തികൊണ്ട് ആരോ ദേഹമാസകലം വരഞ്ഞുകീറുന്നതുപോലെ വേദന സഹിക്കാനാവാതെ അവള്‍ മോഹാലസ്യത്തിലാണ്ടു. വെയിലുദിച്ചു. അവള്‍ മെല്ലെ കണ്ണുതുറന്നു. അപ്പോഴും ചുട്ടുപൊള്ളുന്ന വേദന. പക്ഷേ, കണ്‍മുന്‍പില്‍ കണ്ടു, അവളുടെ സുന്ദരനായ രാജകുമാരന്‍. അവന്റെ വലിയ കറുത്ത കണ്ണുകള്‍ അവളുടെ മുഖത്തുതന്നെ തങ്ങിനില്ക്കുന്നു. അവള്‍ ലജ്ജകൊണ്ട് മുഖം തിരിച്ചു. അപ്പോഴാണ് കണ്ടത്. മത്സ്യകന്യകയുടെ സൗന്ദര്യചിഹ്നമായ വാല്‍ കാണാനില്ല. പകരം മനുഷ്യരുടേതുപോലെ ചന്തമുള്ള രണ്ടു വെളുത്ത കാലുകള്‍. പെട്ടെന്നവള്‍ക്കോര്‍മ വന്നു; താന്‍ നഗ്നയാണല്ലോ... ഒരു നിമിഷം നീണ്ടുകനത്ത സ്വന്തം 
മുടികൊണ്ടുതന്നെ അവള്‍ ശരീരമാകെ മറച്ചു. രാജകുമാരന്‍ ചോദിച്ചു, 'ആരാണ്? എവിടെ നിന്നാണ്? എങ്ങനെ ഇവിടെ വന്നെത്തി?' ആര്‍ദ്രമായൊരു നോട്ടമല്ലാതെ വേറെ മറുപടിയൊന്നും അവള്‍ക്കു പറയാനായില്ല. അവളുടെ കൈപിടിച്ച് സാവധാനം രാജകുമാരന്‍ അവളെ തന്റെ കൊട്ടാരത്തിലേക്കാനയിച്ചു. മന്ത്രവാദിനിയുടെ മുന്നറിയിപ്പുപോലെത്തന്നെ. ഓരോ ചുവടും വെക്കുന്നത് മുള്‍മുനയിലാണെന്നു തോന്നിപ്പോയി. വേദന സഹിക്കാന്‍ അവള്‍ക്കു പ്രയാസം തോന്നിയില്ല. കൈപിടിച്ചു കൂടെ നടക്കാന്‍ സുന്ദരനായ തന്റെ രാജകുമാരന്‍ കൂടെയുണ്ടല്ലോ. കണ്ടവര്‍ കണ്ടവര്‍ അതിശയിച്ചുനിന്നു. അവളുടെ വശ്യമായ സൗന്ദര്യം... അഴകാര്‍ന്ന നടത്തം... തിളക്കമേറിയ കണ്ണുകള്‍.

കൊട്ടാരത്തിലെ പരിചാരികമാര്‍ അവളെ അതിമനോഹരങ്ങളായ ആടയാഭരണങ്ങള്‍ അണിയിച്ചു. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു, 'ഇതുപോലെയൊരു സുന്ദരിയെ ഇതുവരെ കണ്ടിട്ടില്ല.' പാവം എന്തുചെയ്യാന്‍... അവള്‍ക്കു മിണ്ടാനാവില്ലല്ലോ. കൊട്ടാരത്തിലെ അടിമ പെണ്‍കുട്ടികള്‍ അവരുടെ മുന്‍പില്‍ ആടുകയും പാടുകയും ചെയ്തു. അതിലൊരുവളുടെ സ്വരമാധുര്യത്തെ മഹാരാജാവ് പ്രത്യേകം അഭിനന്ദിച്ചു. മത്സ്യകന്യക നിസ്സഹായയായി നെടുവീര്‍പ്പിട്ടു... തന്റെ തേനൂറുന്ന സ്വരം ഇവര്‍ കേട്ടിരുന്നുവെങ്കില്‍! ഈ രാജകുമാരനെ സ്വന്തമാക്കാന്‍ വേണ്ടിയാണ്, ആ മന്ത്രവാദിനിക്ക് തന്റെ സ്വരം പ്രതിഫലമായി നല്കിയതെന്നതുവരെ എങ്ങനെ പറഞ്ഞറിയിക്കാന്‍!

മെല്ലെ മെല്ലെ അവളും നൃത്തവേദിയിലേക്ക് അടിവെച്ചു ചെന്നു. അടിമപെണ്‍കുട്ടികളോടൊപ്പം അവളും ചുവടുവെച്ചു. അവളുടെ അംഗചലനങ്ങളുടെ ഭംഗി എല്ലാവരും മതിമറന്നു കണ്ടിരുന്നു. രാജകുമാരനായിരുന്നു ഏറ്റവും സന്തോഷം. 'ഞാന്‍ കണ്ടെടുത്ത നിധി,' അങ്ങനെയാണ് അവളെക്കുറിച്ച് അദ്ദേഹം എല്ലാവരോടും പറഞ്ഞത്. അതികഠിനമായ വേദന സഹിച്ചുകൊണ്ട് അവള്‍ വളരെനേരം നൃത്തം വെച്ചു. തന്റെ അരികില്‍നിന്നു മാറാന്‍ രാജകുമാരന്‍ അവളെ അനുവദിച്ചില്ല.

പുരുഷവേഷം ധരിപ്പിച്ച് രാജകുമാരന്‍ മത്സ്യകന്യകയെ തന്നോടൊപ്പം കുതിരസവാരിക്കു കൊണ്ടുപോയി. കാടുകളിലെ പച്ചപ്പിലൂടെ കിളികളുടെ പാട്ടും കേട്ട് അവര്‍ സഞ്ചരിച്ചു. കാലടികള്‍ മുറിഞ്ഞതും ചോര പൊടിഞ്ഞതും വകവെക്കാതെ അവള്‍ രാജകുമാരന്റെ കൈയും പിടിച്ച് മലമുകളിലേക്കു കയറിച്ചെന്നു. താഴെ, മേഘങ്ങള്‍ ഒരൂകൂട്ടം പറവകളെപ്പോലെ ആകാശത്തില്‍ക്കൂടി തെന്നിമറയുന്നത് അവള്‍ അദ്ഭുതത്തോടെ നോക്കിനിന്നു. രാത്രി, എല്ലാവരും ഉറക്കമാകുമ്പോള്‍ വെണ്ണക്കല്‍ കോണിയിറങ്ങി അവള്‍ കടലോരത്ത് വെള്ളത്തിലേക്കു കാലും നീട്ടി ഇരിക്കുമായിരുന്നു. പൊള്ളുന്ന കാലടികള്‍ക്ക് കടലിലെ കുളിരലകള്‍ സാന്ത്വനമായി. കടലിന്റെ അടിത്തട്ടില്‍ എന്നന്നേക്കുമായി താന്‍ വിട്ടുപോന്ന പ്രിയപ്പെട്ടവരുടെ ഓര്‍മ... ആരും കാണാതെ അവള്‍ വീണ്ടും വീണ്ടും നുണഞ്ഞു.

ഒരു രാത്രി തീരെ ഓര്‍ക്കാപ്പുറത്ത് അവള്‍ അകലെയായി കണ്ടു; അവളുടെ അഞ്ചു സഹോദരിമാര്‍ കൈകോര്‍ത്തുപിടിച്ചു പാടുന്നു. വിഷാദാര്‍ദ്രമായ ഒരു ഗാനം. അവള്‍ അവരെ മാടിവിളിച്ചു. കൊച്ചനുജത്തിയെ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്കുണ്ടായ ഒരു സന്തോഷം! പിന്നീടതൊരു പതിവായി. സഹോദരിമാര്‍ തമ്മിലുള്ള ഈ കൂടിക്കാഴ്ച. ഒരിക്കലും കൊട്ടാരത്തിനു പുറത്തേക്കു വരാത്ത മത്സ്യരാജാവും മുത്തശ്ശിയുംപോലും അവളെ കാണാന്‍ അവിടെ വരികയുണ്ടായി.
ദിവസങ്ങള്‍ കടന്നുപോയി. രാജകുമാരന് അവളോട് അതിരറ്റ സ്‌നേഹമായിരുന്നു. ഒരു കൊച്ചനുജത്തിയോടെന്നപോലെയുള്ള കാരുണ്യവും, വാത്സല്യവും. പക്ഷേ, മത്സ്യകന്യകയ്ക്കു വേണ്ടത് അതായിരുന്നില്ലല്ലോ. അവന്‍തന്നെ ഭാര്യയായി സ്വീകരിക്കണം എന്നായിരുന്നല്ലോ അവളുടെ ആഗ്രഹം. അങ്ങനെ രണ്ടുപേരുടെയും ആത്മാവുകള്‍ ഒന്നായി ചേരണം. അതോടെ അവള്‍ക്കും മരണമില്ലാത്ത ആത്മാവിന്റെ ഉടമയാകാം. അവളുടെ ഭാഗ്യദോഷംകൊണ്ട് രാജകുമാരന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയാണെങ്കിലോ... ആ ദിവസം രാവിലെത്തന്നെ അവളുടെ കഥ കഴിയും. പിന്നെ അവള്‍ കടലിലെ നുരയും പതയും മാത്രം.

രാജകുമാരന്‍ അരികില്‍ വന്നിരിക്കുമ്പോഴെല്ലാം അവളുടെ കണ്ണുകളില്‍ ആ ചോദ്യമുയരും. 'അങ്ങേക്ക് എല്ലാവരെക്കാള്‍ കൂടുതല്‍ സ്‌നേഹം എന്നോടല്ലേ?'
'അതെ... അതെ...' അവളുടെ മനസ്സ് തൊട്ടറിഞ്ഞ മട്ടില്‍ രാജകുമാരന്‍ പറയും. 'നിന്നോളം ഇഷ്ടം എനിക്കിനിയൊരാളോടില്ല. എത്ര നല്ല മനസ്സാണ് നിന്റേത്! കുറെ മുന്‍പ് ഞാന്‍ ഒരു കപ്പലപകടത്തില്‍പ്പെട്ടു. എന്തോ പ്രാണന്‍ നഷ്ടപ്പെട്ടില്ല... തിരയടിച്ച് ഞാന്‍ ചെന്നെത്തിയത് ഒരു കടല്‍ത്തീരത്താണ്. അവിടെയുണ്ടായിരുന്ന ഒരു പള്ളിയിലെ അന്തേവാസികളാണ് എന്നെ കണ്ടെത്തിയത്. കൂട്ടത്തില്‍ ഏറ്റവും ഇളയവളാണ് എന്റെ ജീവന്‍ രക്ഷിച്ചത്... നിന്നെ കാണുമ്പോഴൊക്കെ ഞാന്‍ അവളെ ഓര്‍ത്തുപോകുന്നു. അവള്‍ പള്ളിക്കവകാശപ്പെട്ടതാണ്. ഇവിടെ വന്നു താമസിക്കാനാവില്ല. എന്നാലും എന്റെ ഭാഗ്യം. പകരം എനിക്കു നിന്നെ കിട്ടിയല്ലോ. എന്നെന്നും എനിക്കു കൂട്ടായി.'

'കഷ്ടം! ഞാനാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് രാജകുമാരന്‍ മനസ്സിലാക്കുന്നില്ലല്ലോ!' അവളുടെ ഹൃദയം തേങ്ങി. 'ആ പെണ്‍കുട്ടിയെ ഞാനും കണ്ടതാണ്. അവളെയാണെന്നോ രാജകുമാരന് ഏറ്റവും അധികം ഇഷ്ടം...' അവള്‍ക്ക് നിരാശതോന്നി. പക്ഷേ, സ്വയം ആശ്വസിപ്പിക്കുകയും ചെയ്തു. രാജകുമാരനു പള്ളിയിലെ പെണ്‍കുട്ടിയോടു തോന്നിയ പ്രേമം കാര്യമായെടുക്കേണ്ടതില്ല. അവളൊരിക്കലും രാജകുമാരന്റെ വധുവായി കൊട്ടാരത്തിലെ ത്താന്‍ പോകുന്നില്ല. അരികിലുള്ളത് താനാണ്; അദ്ദേഹത്തിനുവേണ്ടി പ്രാണന്‍ ത്യജിക്കാനും ഒരുക്കവുമാണ്. പകരക്കാരിയാണെങ്കില്‍പോലും...
തീരെ അപ്രതീക്ഷിതമായാണ് ആ വാര്‍ത്ത അവള്‍ കേള്‍ക്കാന്‍ ഇടയായത്. അയല്‍രാജ്യത്തെ രാജകുമാരിയുമായി രാജകുമാരന്റെ വിവാഹം നടക്കാന്‍ പോകുന്നു. അദ്ദേഹം നീണ്ട ഒരു കപ്പല്‍ യാത്രയ്‌ക്കൊരുങ്ങുന്നു എന്നവള്‍ കേട്ടിരുന്നു. യാത്രയുടെ പ്രധാന ഉദ്ദേശ്യം രാജകുമാരിയെ നേരില്‍ കാണുകയാണെന്ന് അവള്‍ മനസ്സിലാക്കിയിരുന്നില്ല; അവന്‍തന്നെ ആ കാര്യം അവളോട് നേരിട്ടു പറയുന്നതുവരെ. 'അച്ഛനമ്മമാരുടെ ആഗ്രഹം, ഞാന്‍ അവളെ വധുവായി സ്വീകരിക്കണമെന്ന്,' അവന്‍ അവളോടു തുറന്നു പറഞ്ഞു, 'പറഞ്ഞതനുസരിക്കാം എന്നല്ലാതെ അവളെ സ്‌നേഹിക്കാന്‍ എനിക്കാവില്ല. എന്റെ മനസ്സില്‍ മുഴുവന്‍ അന്ന് പള്ളിമുറ്റത്തു കണ്ട ആ പെണ്‍കുട്ടിയാണ്. നിന്റെ മുഖച്ഛായയുള്ള ആ സുന്ദരി... അവളെ വിവാഹം കഴിക്കാനാവില്ലെന്നു തീര്‍ച്ച... പിന്നെ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് നീയാണ്. നീ മാത്രം.'

ആ കപ്പല്‍യാത്രയില്‍ രാജകുമാരനോടൊപ്പം അവളുമുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ കടലിനെക്കുറിച്ച് നൂറുനൂറു കഥകളും കാര്യങ്ങളും അവന്‍ അവള്‍ക്കു പറഞ്ഞുകൊടുത്തു. എല്ലാം കേട്ട് അവള്‍ നിശ്ശബ്ദം ചിരിച്ചു. അവള്‍ക്കറിയാത്തതോ കടലിന്റെ കഥകളും, കാര്യങ്ങളും!

ഒരു രാത്രി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു. അവള്‍മാത്രം കപ്പലിന്റെ മേല്‍ത്തട്ടില്‍ വന്നിരുന്നു. തിരയടങ്ങിയ കടല്‍. തെളിവാര്‍ന്നു നിലാവ്... അവള്‍ കടലിന്റെ അടിത്തട്ടിലേക്കു കണ്ണുകളയച്ചു... പഴയ ഓര്‍മകള്‍. എല്ലാവരേയും ഒന്നുകൂടി കാണാന്‍ മോഹം... പെട്ടെന്നാണ് തിരപ്പുറത്തു കണ്ടത്. അവളുടെ ചേച്ചിമാര്‍ അഞ്ചുപേരും കൈകോര്‍ത്ത് മുകളിലേക്കു വരുന്നു. അവള്‍ അവരെ കൈകാട്ടി വിളിച്ചു. തനിക്കു സുഖമാണ്. സന്തോഷമായികഴിയുന്നു. എന്നൊക്കെ പറയാന്‍ അവള്‍ വല്ലാതെ കൊതിച്ചുപോയി. എന്തുചെയ്യാന്‍... പറയാനുള്ളതൊക്കെ ഒരു നെടുവീര്‍പ്പിലൊതുക്കാനേ അവള്‍ക്കായുള്ളൂ.
അടുത്ത ദിവസം പ്രഭാതത്തില്‍ത്തന്നെ അവര്‍ അയല്‍രാജ്യത്തെ തുറമുഖത്തെത്തി. രാജകുമാരനും കൂട്ടുകാര്‍ക്കും അവര്‍ ഗംഭീരമായ വരവേല്പാണ് നല്കിയത്. നൃത്തവും പാട്ടും വിരുന്നുകളും. രാജകുമാരന്റെ പ്രതിശ്രുതവധുവിനെ കണ്ടപ്പോള്‍ എല്ലാവരും അതിശയിച്ചുനിന്നുപോയി, സൗന്ദര്യധാമം തന്നെ. മത്സ്യകന്യകയും മനസ്സില്‍ പറഞ്ഞു, 'ഇങ്ങനേയുമുണ്ടോ ഒരഴക്!'

വധുവിനെ കണ്ടപ്പോള്‍ രാജകുമാരന് അദ്ഭുതമടക്കാനായില്ല. അതവളായിരുന്നു... ആദ്യനോട്ടത്തില്‍ത്തന്നെ അവന്റെ ഹൃദയം കവര്‍ന്ന ആ പെണ്‍
കിടാവ്. ദൂരെ ഒരു പള്ളിയോടു ചേര്‍ന്ന ഭവനത്തില്‍ താമസിച്ച് അവള്‍ പഠനം നടത്തി വരികയായിരുന്നു. അപ്പോഴാണ് കപ്പലപകടത്തില്‍പ്പെട്ട രാജകുമാരന്‍ തീരത്തു വന്നണഞ്ഞതും അവള്‍ പരസ്​പരം ആദ്യമായി കണ്ടതും.

'ഇങ്ങനെയൊരദ്ഭുതം ഞാന്‍ പ്രതീക്ഷിച്ചതല്ല...' രാജകുമാരന്‍ നിറഞ്ഞ ചിരിയുമായി മത്സ്യകന്യകയുടെ നേരെ തിരിഞ്ഞു. 'പറഞ്ഞറിയിക്കാനാകാത്ത എന്റെ സന്തോഷം... എനിക്കറിയാം നീയും അതില്‍ പങ്കുചേരുന്നുവെന്ന്... നിന്റെ ജീവിതത്തില്‍ ഏറ്റവും അധികം നീ സ്‌നേഹിക്കുന്നത് എന്നെയല്ലേ...'
ഒന്നുംമിണ്ടാതെ അവള്‍ അവന്റെ കൈകളില്‍ മുത്തി. കണ്ണുകള്‍കൊണ്ട് മൗനമായി ആശംസകള്‍ നേര്‍ന്നു. തന്റെ വിവാഹത്തോടെ അവളുടെ ജീവിതം അവസാനിക്കുമെന്ന് അവനറിയില്ലല്ലോ!

പള്ളിമണികള്‍ ഉച്ചത്തില്‍ മുഴങ്ങി. രാജകുമാരിയുടെ വിവാഹവിളംബരവുമായി ദൂതന്‍മാര്‍ അങ്ങുമിങ്ങും പാഞ്ഞു. രാജ്യമെങ്ങും ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും. ഒടുവില്‍ ബിഷപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രധാന പുരോഹിതന്‍ വിവാഹച്ചടങ്ങുകള്‍ നിര്‍വഹിച്ചു. വധുവിന്റെ തൊട്ടുപുറകില്‍ത്തന്നെ പുത്തന്‍ പട്ടുവസ്ത്രങ്ങളണിഞ്ഞു നിന്നിരുന്നു മത്സ്യകന്യക. അവിടത്തെ പാട്ടും, ഹര്‍ഷാരവങ്ങളും അവള്‍ കേള്‍ക്കുകയുണ്ടായില്ല. ആഡംബരപൂര്‍ണമായ ഉത്സവക്കാഴ്ചകളും അവള്‍ കാണുകയുണ്ടായില്ല. സ്വന്തം മരണത്തിന്റെ ദൃശ്യങ്ങള്‍ മാത്രമായിരുന്നു അവളുടെ മനസ്സില്‍. അന്നു വൈകുന്നേരംതന്നെ നവദമ്പതികള്‍ കപ്പലില്‍ തിരിച്ചു യാത്രയായി. പെരുമ്പറകള്‍ മുഴങ്ങി. പലവര്‍ണക്കൊടികള്‍ ഉയര്‍ന്നുപൊങ്ങി. സന്ധ്യമയങ്ങിയതോടെ കപ്പലിന്റെ മേല്‍ത്തട്ടില്‍ വിവിധ വര്‍ണങ്ങളിലുള്ള വിളക്കുകള്‍ തെളിഞ്ഞു. കപ്പലിലുള്ളവരെല്ലാംതന്നെ ആടിപ്പാടാന്‍ തുടങ്ങി.

മത്സ്യകന്യക ഓര്‍ത്തു... തികച്ചം ഇതുപോലെയൊരു കാഴ്ചയാണ് ആദ്യമായി കടലിനു മുകളിലെത്തിയപ്പോള്‍ തന്നെ എതിരേറ്റത്. അവളും നര്‍ത്തകരോടൊപ്പം കൂടി. അവളുടെ നൃത്തം കണ്ട് കാണികള്‍ കൈകള്‍കൊട്ടി, 'എന്നത്തേക്കാള്‍ കേമമായിരിക്കുന്നു ഇന്നത്തെ നൃത്തം.'
ഇത് തന്റെ ജീവിതത്തിലെ അവസാനത്തെ രാത്രിയാണ്. ഇനിയൊരിക്കലും കടലിന്റെ ആഴങ്ങള്‍ കാണുകയില്ല. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന നീലാകാശവും കാണുകയില്ല. ഇനിതന്നെ കാത്തിരിക്കുന്നത് സ്വപ്‌നങ്ങളും സങ്കല്പങ്ങളുമില്ലാത്ത, അന്തമില്ലാത്ത ഇരുണ്ട രാത്രിയാണ്. കപ്പലിലെ ആഘോഷപരിപാടികള്‍ പാതിരാവരെ നീണ്ടുപോയി. സ്വന്തം മരണത്തെ മനസ്സില്‍ ഒതുക്കിപ്പിടിച്ചുകൊണ്ട് ചിരിച്ചും കളിച്ചും അവള്‍ നൃത്തംവെച്ചു.
നവദമ്പതികള്‍ കപ്പലില്‍ അവര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള മണിയറയിലേക്കു പിന്‍വാങ്ങി; പ്രേമസല്ലാപങ്ങളില്‍ മുഴുകി. വിളക്കുകളണഞ്ഞു. ആരവങ്ങളൊതുങ്ങി. മത്സ്യകന്യക മാത്രം കപ്പലിന്റെ മേല്‍ത്തട്ടില്‍ നേരം പുലരുന്നതും കാത്ത് തനിയെ നിന്നു. സൂര്യോദയത്തിന്റെ ആദ്യകിരണം. അതാണവളുടെ മരണസമയം. അതിനായി കാത്തുനില്‌ക്കേ പൊടുന്നനെ അവള്‍ കണ്ടു, അവളുടെ അഞ്ചു ചേച്ചിമാരും ഒരുമിച്ച് കൈകോര്‍ത്തുവരുന്നു. അവരാകെ 
വിളര്‍ത്ത് വിവശയായിരിക്കുന്നു. നീണ്ട മുടിയെല്ലാം വെട്ടിമാറ്റിയിരിക്കുന്നു. 'ഇതെന്ത്?' അവളുടെ ഉള്ളില്‍ നിന്നുയര്‍ന്ന നിലവിളി പുറത്തേക്കെത്തുകയുണ്ടായില്ല. എന്നിട്ടും അവളുടെ ചേച്ചിമാര്‍ മറുപടി പറഞ്ഞു, 'നീ മരിക്കാതിരിക്കാന്‍ വേണ്ടി മുടിയൊക്കെ അറുത്ത് ഞങ്ങള്‍ മന്ത്രവാദിനിക്കു കൊടുത്തു. പകരം അവര്‍ ഞങ്ങള്‍ക്കു മൂര്‍ച്ചയുള്ള ഈ കത്തി തന്നു.'
അവളുടെ പരിഭ്രമമേറി... ഇതുകൊണ്ട് താനെന്തു ചെയ്യാന്‍? 'നീ ഈ കത്തി രാജകുമാരന്റെ നെഞ്ചില്‍ കുത്തിയിറക്കണം... അവന്റെ ഹൃദയരക്തംകൊണ്ട് നിന്റെ കാലുകള്‍ നനയുമ്പോള്‍ അവ താനേ അറ്റുപോകും. പകരം പഴയ വാല്‍ തിരിച്ചുകിട്ടും. നിനക്കു വീണ്ടും മത്സ്യകന്യകയായി അച്ഛന്റെ കൊട്ടാരത്തിലേക്ക് തിരിച്ചുവരാം... അലോചിക്കാന്‍ നേരമില്ല. സൂര്യോദയത്തിനു മുന്‍പേ കാര്യം നടന്നിരിക്കണം.' ചേച്ചിമാര്‍ തിടുക്കം കൂട്ടി.
ചേച്ചിമാര്‍ പറഞ്ഞതുകേട്ട് മത്സ്യകന്യക അന്ധാളിച്ചു നിന്നതേയുള്ളു. ഒന്നും മനസ്സിലായില്ല... ഒന്നും തീരുമാനിക്കാനുമായില്ല. 'സൂര്യന്‍ ഉദിക്കുംമുന്‍പേ നിങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ മരിക്കണം.' ചേച്ചിമാരുടെ വാക്കുകളില്‍ ബദ്ധപ്പാടും ഉത്കണ്ഠയും. 'നിന്നേക്കുറിച്ചോര്‍ത്ത് ആധിപിടിച്ച് മുത്തശ്ശിയമ്മയുടെ മുടിയത്രയും കൊഴിഞ്ഞുപോയി... കണ്ടില്ലേ കിഴക്കേ ചക്രവാളം ചുകന്നു തുടങ്ങി. സൂര്യനുദിക്കാന്‍ ഇനി നേരമേറെയില്ല,' ചേച്ചിമാര്‍ വീണ്ടും തിരക്കുകൂട്ടി.
പിന്നെ മത്സ്യകന്യക ശങ്കിച്ചുനിന്നില്ല. ഒച്ചവെക്കാതെ രാജകുമാരന്റെ മണിയറയിലേക്കു ചെന്നു. നവവധുവിനെ മാറോടുചേര്‍ത്തു പിടിച്ച് അവന്‍ സുഖനിദ്രയിലാണ്. ഉയര്‍ത്തിപ്പിടിച്ച കത്തിയിലേക്കും രാജകുമാരന്റെ ശാന്തസുന്ദരമായ മുഖത്തേക്കും മാറിമാറി നോക്കി അവള്‍ ഏതാനും നിമിഷം നിന്നു. പതുക്കെ കുനിഞ്ഞ് ആ നെറ്റിയിലൊരുമ്മവെച്ചു. രാജകുമാരന്റെ ചുണ്ടുകള്‍ ഒരു നനുത്ത ചിരിയില്‍ ഒന്നു വിടര്‍ന്നു... അവന്‍ പതുക്കെ വിളിച്ചു... തന്റെ പ്രിയതമയായ രാജകുമാരിയുടെ പേര്... ഉറക്കത്തില്‍പോലും അവന്‍ ഓര്‍ക്കുന്നത് ആ പെണ്‍കിടാവിനെയാണല്ലോ! പിന്നെ മത്സ്യകന്യക ശങ്കിച്ചുനിന്നില്ല. കൈയിലുയര്‍ത്തിപ്പിടിച്ച കത്തി ജനലിലൂടെ കടലിലേക്കു വലിച്ചെറിഞ്ഞു.

സൂര്യോദയത്തിന്റെ ചുകന്ന രാശി... കടല്‍വെള്ളത്തിലാകെ രക്തം കലര്‍ന്നതുപോലെ. അവസാനമായി അവള്‍ ഒരിക്കല്‍ക്കൂടി തന്റെ പ്രിയപ്പെട്ട രാജകുമാരന്റെ മുഖത്തേക്കു നോക്കി... മരണത്തിന്റെ കരസ്​പര്‍ശം... അപ്പോഴേക്കുംതന്നെ അവളുടെ കാഴ്ച മങ്ങിക്കഴിഞ്ഞിരുന്നു. കപ്പലിന്റെ പുറംചുമരിലേക്കവള്‍ നടന്നടുത്തു... ഒരേയൊരു നിമിഷം... നുരയും പതയുമായി അവള്‍ കടലിലേക്കു വീണു.
സൂര്യനുദിച്ചുയര്‍ന്നു. തന്റെ ഇളംചൂടുള്ള കിരണങ്ങള്‍കൊണ്ട് സൂര്യന്‍ ആ കടല്‍പ്പതയെ തലോടി... മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പില്‍നിന്നും ഇത്തിരി നേരത്തേക്കെങ്കിലും ഒരാശ്വാസം. ചുറ്റും അവള്‍ കേട്ടു... അഭൗമമായ ശബ്ദങ്ങള്‍, സംഗീതധ്വനികള്‍... 'ഞാന്‍ എവിടെയാണ്? നിങ്ങള്‍... ആരാണ്?' 'ഞങ്ങള്‍ ആകാശത്തിന്റെ പുത്രിമാരാണ്...' ശബ്ദങ്ങള്‍ മറുപടി പറഞ്ഞു. 'ഒരിക്കലും മരിക്കാത്ത ആത്മാവ് സ്വന്തമാക്കണമെന്നല്ലേ നീ ആഗ്രഹിച്ചിരുന്നത്... സാധാരണ ഒരു മത്സ്യകന്യകയ്ക്ക് അത് വിധിച്ചിട്ടുള്ളതല്ല... എന്നാല്‍ നീ അതിന് അര്‍ഹത നേടിയിരിക്കുന്നു... സ്വന്തം സത്പ്രവൃത്തികൊണ്ട്... നിസ്വാര്‍ഥമായ പ്രേമംകൊണ്ട്.'

തന്റെ മുന്‍പില്‍ പ്രത്യേക്ഷപ്പെട്ട സൂര്യദേവനു നേരെ മത്സ്യകന്യക നിറഞ്ഞ മനസ്സോടെ കൈകളുയര്‍ത്തി... അന്ന് ആയുസ്സില്‍ ആദ്യമായി അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...

നേരം പുലര്‍ന്നു. കപ്പലിലെ ഒച്ചകളും അനക്കങ്ങളും കടലിലെ പതയായി മാറിയ മത്സ്യകന്യക ദൂരെ നിന്നു ശ്രദ്ധിച്ചു. നവദമ്പതികള്‍ ആരെയോ തേടിക്കൊണ്ടെന്നപോലെ കപ്പലിലാകെ ബദ്ധപ്പെട്ടു നടന്നു. ഒടുവില്‍ മേല്‍ത്തട്ടില്‍ വന്ന് ജലപ്പരപ്പിലേക്കും നോക്കി വിഷാദമൂകരായി ഏറെനേരം നിന്നു. കപ്പ
ലിന്റെ അരികത്തേക്കൊഴുകിയെത്തുന്ന ആ നുര, കാണാതായ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണെന്ന് അവര്‍ ഊഹിച്ചിരിക്കുമോ...
രാജകുമാരനും രാജകുമാരിയുമറിയാതെ മത്സ്യകന്യക അവര്‍ക്കു സമ്മാനിച്ചു... അവളുടേതുമാത്രമായ ഒരുപിടി സ്‌നേഹചുംബനങ്ങള്‍.

--------------------------------------------------------------------------------------------------------------------------------
00000000000000000000000000000000000000000000000000000000000000000000000000000000


'മത്സ്യകന്യക' എന്ന സാങ്കല്‍പ്പിക കഥാപാത്രം വായനക്കാരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത് ഡാനിഷ് എഴുത്തുകാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ യക്ഷിക്കഥകളിലൂടെയാണ് എന്ന് ചരിത്രം പറയുന്നു. കുട്ടികള്‍ക്കായി ഇത്രയധികം അതിശയകഥകള്‍ എഴുതിയവരും ഏറെയില്ല. അതുകൊണ്ടുതന്നെയാണ് ആന്‍ഡേഴ്‌സന്റെ ജന്മദിനം 'കുട്ടികളുടെ ആഗോള പുസ്തകദിനമായി' ആചരിക്കുന്നതും. കുട്ടികള്‍ക്കായി യക്ഷിക്കഥകളുടെ അക്ഷയഖനി സൃഷ്ടിച്ച ആന്‍ഡേഴ്‌സന്‍ 1805 ഏപ്രില്‍ രണ്ടിന് ഡെന്‍മാര്‍ക്കിലെ ഫൈന്‍ ഐലന്‍ഡിലുള്ള ഒഡെന്‍സില്‍ ഒരു ചെരുപ്പുകുത്തിയുടെ മകനായാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം വളരെ കുറച്ചു മാത്രമേ കിട്ടിയുള്ളൂ. 

1816- ല്‍ പിതാവിന്റെ മരണത്തോടെ കഷ്ടകാലം ആരംഭിച്ചു. പഠനവും അങ്ങനെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുസ്തകങ്ങളായിരുന്നു ആന്‍ഡേഴ്‌സന്റെ പിന്നീടുള്ള ചങ്ങാതിമാര്‍. ഷേക്‌സ്​പിയറിന്റെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്നത് കൊച്ചു ആന്‍ഡേഴ്‌സന്റെ ഹരമായിരുന്നു. ഷേക്‌സ്​പിയര്‍ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ആന്‍ഡേഴ്‌സന് മാനസതോഴരായിരുന്നുവത്രെ. ഈ കഥാപാത്രങ്ങളെ മരംകൊണ്ടും കളിമണ്ണുകൊണ്ടും മെനഞ്ഞെടുത്ത് അവയെ ഉടുപ്പുകള്‍ ധരിപ്പിച്ച്, താനുമൊരു നാടകസംവിധായകനാണ് എന്ന് സ്വയം സന്തോഷിച്ചിരുന്നു ആ ബാലന്‍! ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ മാസ്റ്റര്‍പീസ് കഥ ആണ് മത്സ്യകന്യക. 











മത്സ്യകന്യക മത്സ്യകന്യക Reviewed by varsharaagampole on April 03, 2013 Rating: 5

No comments:

Powered by Blogger.